കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാനാവാതെ അമ്മ; ഓട്ടോയിൽ നിന്ന് വലിച്ചെറിയപ്പെട്ട കുഞ്ഞിന്റെ മൃതദേഹവുമായി കൂട്ടമാനഭംഗത്തിനിരയായ സ്ത്രീ ഡല്‍ഹി മെട്രോയില്‍

ഗുരുഗ്രാം: ബലാത്സംഗത്തിനിടെ അക്രമികള്‍ വലിച്ചറിഞ്ഞ് കൊന്ന തന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി യുവതി ആശുപത്രിയിലേക്ക് പുറപ്പെട്ടത് ഡല്‍ഹി മെട്രോയില്‍. ഹരിയാനയില്‍ ഓട്ടോറിക്ഷയില്‍ വെച്ചാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്.

തന്റെ കുട്ടി മരിച്ചുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ വന്നതോടെയാണ് വേദനയോടെ യുവതി ആശുപത്രിയിലേക്കും തുടര്‍ന്ന് സ്വന്തം അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് മൃതദേഹവുമായി പോയത്. തന്റെ കുഞ്ഞ് മരിച്ചില്ലെന്നും അതിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലായിരുന്നു 19 വയസുള്ള യുവതി.

ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുന്ന വഴിക്കാണ് ഇവര്‍ പീഡനത്തിനിരയായത്. ഓട്ടോയില്‍ കയറുമ്പോള്‍ അതിലുണ്ടായിരുന്ന മൂന്നുപേരാണ് യുവതിയെ പീഡനത്തിരയാക്കിയത്.പീഡനശ്രമത്തിനിടെ കരഞ്ഞ കുഞ്ഞിനെ ഇവര്‍ പുറത്തേക്ക് വലിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡില്‍ വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

പീഡനത്തിനിരയാക്കിയവര്‍ കടന്നുകളഞ്ഞതോടെ തന്റെ കുട്ടിയെ തിരഞ്ഞ് നടന്ന യുവതിക്ക് ജീവനറ്റ തന്റെ പൈതലിന്റെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചുവെന്നറിയാതെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി യുവതി തന്റെ ഭര്‍തൃവീട്ടില്‍ എത്തി. തുടര്‍ന്ന് അവിടെയുള്ള ഡോക്ടര്‍ കുട്ടി മരിച്ചുവെന്ന് അറിയിച്ചങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ നിസഹായയായ യുവതി തുഗ്ലക്ബാദിലെ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് മെട്രോയില്‍ കയറി മറ്റൊരു ഡോക്ടറിനെയും യുവതി കുട്ടിയെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായെത്തി. അവിടെയും നിരാശയായിരുന്നു ഫലം. കുട്ടി മരിച്ചിട്ട് മണിക്കൂറുകളായി എന്ന് ഡോക്ടര്‍ വിധിയെഴുതി.

ഇതോടെ ഗുരുഗ്രാമില്‍ തിരികെയെത്തിയ യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഐഎംടി മനോസാര്‍ സ്വദേശിയായ യുവതി, തന്റെ കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് പേര്‍ വലിച്ചെറിഞ്ഞു എന്നാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നത്. പിന്നീടാണ് പീഡനം നടന്നുവെന്ന് യുവതി പോലീസിനെ അറിയിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 30 ന് നടന്ന സംഭവം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു.

Latest
Widgets Magazine