ലുട്ടാപ്പിയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ ഇളകി മറിയുന്നു; സേവ് ലുട്ടാപ്പി ഹാഷ് ടാഗും

മലയാളികളുടെ പ്രിയപ്പെട്ട ബാല്യകാല പ്രസിദ്ധീകരണമായ ബാലരമയിലെ ലൂട്ടാപ്പിക്കുവേണ്ടി ചങ്ക് പറിക്കാനും തയ്യാറായി ആരാധകര്‍ രംഗത്ത്. സംഗതി എന്തെന്നല്ലേ…..? പുതിയ ലക്കം ബാലരമയില്‍ മായാവിയുടെ എതിരാളിയായ ലുട്ടാപ്പിയ്ക്ക് പകരം ഡിങ്കിനിയെന്ന് പുതിയ കഥാപാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് ലൂട്ടാപ്പി ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ മനോരമ പ്രസിദ്ധകരണങ്ങളില്‍ ഓണ്‍ലൈന്‍ പേജുകളില്‍ ആരാധകരുടെ പ്രതിഷേധമാണ്.

ഡിങ്കിനിക്കൊപ്പം ഒരു കറുത്ത പൂച്ചയുമുണ്ട്. ലുട്ടാപ്പിയില്ലാതെയാണ് പുതിയ ലക്കം ബാലരമ ഇറങ്ങിയിരിക്കുന്നത്. ലുട്ടാപ്പിയുടെ സ്ഥാനത്ത് ഡിങ്കിനിയുടെ കുന്തത്തിലാണ് ഡാകിനിയുടേയും വിക്രമന്റേയും മുത്തുവിന്റേയും യാത്രയും.

ലൂട്ടാപ്പിയെ ഇല്ലാതാക്കാനാണ് ബാലരമയുടെ ശ്രമമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ലുട്ടാപ്പിയ്ക്കുവേണ്ടി നിരവധി പേര്‍ കമന്റുകളുമായി രംഗതത്തെത്തിയതോടെ രസകരമായ പ്രതിഷേധമായി മാറുകയാണ്. ആശങ്ക വര്‍ധിച്ചതോട ഹാഷ് ടാഗും പ്രചരിച്ച് തുടങ്ങി. ജസ്റ്റീസ് ഫോര്‍ ലുട്ടാപ്പി, സേവ് ലുട്ടാപ്പി എന്നീ ഹാഷ്ടാഗുകളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമായിരിക്കുന്നത്.

ഒരായിരം കുന്തമുനകളാല്‍ ചങ്കില്‍ ചോരകൊണ്ടെഴുതിയ ഇതിഹാസമാണ് ലുട്ടാപ്പി’, ‘ലുട്ടാപ്പിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ചു ലുട്ടാപ്പി ഭക്തര്‍ നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്’, ‘ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെയാണ് പ്രതിഷേധം’, ‘ലുട്ടാപ്പി നൈഷ്ഠിക ബ്രഹ്മചാരി ആണ്. ലേഡീസിനെ കുന്തത്തില്‍ കയറ്റി ഫാന്‍സിന്റെ വികാരം വ്രണപ്പെടുത്തിയാല്‍ ഒരുങ്ങിയിരുന്നോ’ തുടങ്ങി ഒട്ടേറെ രസകരമായ കമന്റുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

ലുട്ടാപ്പിയെ അന്വേഷിച്ച് നിരവധി കോളുകളാണ് ബാലരമയുടെ ഓഫീസിലേക്കും എഡിറ്റര്‍ക്കും എത്തുന്നത്. എന്നാല്‍ ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കുന്തത്തില്‍ കയറി പറന്ന് മായാവിയുടെ വടി സ്വന്തമാക്കുന്ന ലുട്ടാപ്പിയാണ് വില്ലന്‍ കഥാപാത്രങ്ങളായ കുട്ടൂസന്റെയും ഡാകിനിയുടെയും പ്രധാന സഹായി.
പതിറ്റാണ്ടുകളായി തങ്ങള്‍ക്കൊപ്പമുള്ള ലുട്ടാപ്പിയെ ഒഴിവാക്കിയാല്‍ അതിന്റെ ഭവിഷ്യത്ത് അറിയും എന്ന ഭീഷണിയും ആരാധകരില്‍ നിന്നുണ്ട്. ലുട്ടാപ്പിയില്ലെങ്കില്‍ മായാവി വേണ്ടെന്നും ബാലരമ തന്നെ ഒഴിവാക്കുമെന്നും ചിലര്‍ പറയുന്നു. ലുട്ടാപ്പി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ കത്തിയേേതാടെ ട്രാളന്‍മാരും ലുട്ടാപ്പിയ്ക്ക് വേണ്ടി രംഗത്തെത്തിയട്ടുണ്ട്.

Latest