ദമ്മാം ഇന്ത്യൻ സ്‌ക്കൂളിൽ  ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾക്ക് നൽകിയിരുന്ന ഫീസിളവ് പുനഃസ്ഥാപിയ്ക്കുക: നവയുഗം

സ്വന്തം ലേഖകൻ
ദമ്മാം: ദമ്മാമിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ, ഈ അദ്ധ്യയനവര്ഷം മുതൽ, ഒരേ കുടുംബത്തിലെ എല്ലാ കുട്ടികളും ഒരേ  പ്രതിമാസട്യൂഷൻ ഫീസ് നൽകണമെന്ന സ്‌കൂൾ അധികൃതരുടെ  ഉത്തരവ്, അടിയന്തരമായി  റദ്ദാക്കണമെന്ന്  നവയുഗം  സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
സ്‌കൂളിന് വരുമാനം ഉണ്ടാക്കാനെന്ന വ്യാജേന ഫീസ്ഏകീകരണം നടത്താനുള്ള തീരുമാനം, ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഇരുട്ടടിയായിരിയ്ക്കുകയാണ്. ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾക്ക് നൽകിയിരുന്ന ഫീസിളവ് സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു.  വിസ ചാർജ്ജ് വർദ്ധനവ്, ആശ്രിതർക്ക് പ്രതിമാസഫീസ് തുടങ്ങിയ  സൗദി സർക്കാരിന്റെ പല പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളും കാരണം ഏറെ സാമ്പത്തികബുദ്ധിമുട്ടിലായ പ്രവാസികളെ , ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള സ്‌ക്കൂൾ മാനേജ്‌മെന്റ് തന്നെ, സാമ്പത്തികമായി പിഴിയാൻ ശ്രമിയ്ക്കുന്നത് ഖേദകരമാണ്.
ഏകീകൃതഫീസ് എന്ന നയം നടപ്പാക്കില്ല എന്ന ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ  മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം ഏറെ അഭിനന്ദനാർഹമാണ്.
അതേ മാർഗ്ഗം പിന്തുടർന്ന്, ദമാം ഇന്റർ നാഷണൽ  ഇന്ത്യൻ സ്‌കൂൾ അധികൃതരും ഫീസ് ഏകീകരണ തീരുമാനം  അടിയന്തരമായി പിൻവലിച്ച് നിലവിലെ ഫീസ് ഘടന തുടരണമെന്നും, സ്‌കൂളിനു വരുന്ന അധിക ചിലവുകൾ കണ്ടെത്താൻ ഫീസ് ഇതര മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
Latest
Widgets Magazine