വീടിന്റെ പടിയിൽ നിന്നു വീണു പരുക്കേറ്റ് മലയാളി മരിച്ചു; മരണം സംഭവിച്ചത് കഴിഞ്ഞ ദിവസം

സ്വന്തം ലേഖകൻ
ലണ്ടൻ: വീട്ടിൽ സ്‌റ്റെപ്പിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ഇടവ പാറേൽ സ്വദേശി സന്തോഷ് നായരാണ്(46) മരണമടഞ്ഞത്. വീണ് ഗുരുതരമായി പരിക്കേറ്റ സന്തോഷ് നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ നിലനിറുത്തിയിരുന്ന സന്തോഷ് നായരുടെ നില ബുധനാഴ്ച വൈകുന്നേരത്തോടെ കൂടുതൽ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
ഭാര്യ സൈലജക്കും രണ്ടു മക്കൾക്കുമൊപ്പം ഈസ്റ്റ് ഹാമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മൂത്ത മകൻ എ ലെവലിലും രണ്ടാമത്തെ മകൻ പതിനൊന്നാം തരത്തിലുമാണ് പഠിക്കുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡിലാണ് സന്തോഷ് നായർ ജോലി ചെയ്തിരുന്നത്.
സാമൂഹിക പ്രവർത്തകനായ സന്തോഷ് നായരുടെ മരണം സുഹൃത്തുക്കൾക്കും വലിയൊരു ആഘാതമാണ് നൽകിയത്. ഈസ്റ്റ് ഹാമിലും പരിസര പ്രദേശങ്ങളിലും സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആളായിരുന്നു സന്തോഷ് നായർ.
സന്തോഷിന്റെ അമ്മ സരസ്വതിയമ്മയും സഹോദരൻ മനോജ് നായരും ഈസ്റ്റ് ഹാമിൽ തന്നെയാണ് താമസം. സംസ്‌കാരത്തെ സംബന്ധിച്ച വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. വളരെ വർഷങ്ങൾക്കു മുമ്പ് സിംഗപ്പൂരിൽ നിന്ന് യുകെയിലേക്കു കുടിയേറിയതാണ് സന്തോഷിന്റെ കുടുംബം.
Latest