ശൈഖ് സുല്‍ത്താന്‍ വായനോത്സവം സന്ദര്‍ശിച്ചു

എട്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി സന്ദര്‍ശിച്ചു. വ്യാഴാഴ്ച്ച രാവിലെ 10നാണ് അദ്ദേഹം വായനോത്സവത്തില്‍ എത്തിയത്. പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് കുട്ടികള്‍ സുല്‍ത്താനെ വരവേറ്റത്. തന്‍െറ മുന്നില്‍ പാടാനത്തെിയ കൊച്ചു ഗായികയെ സുല്‍ത്താന്‍ വാരിയെടുത്ത് മുത്തം നല്‍കി. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് ആല്‍ അമീരിയും സുല്‍ത്താനോടൊപ്പമുണ്ടായിരുന്നു.
വായനോത്സവത്തിലെ എല്ലാ പ്രദര്‍ശനങ്ങളും സുല്‍ത്താന്‍ നടന്ന് കണ്ടു. കൂടെയുള്ളവരോട് ഓരോന്നിനെ കുറിച്ചും ചോദിച്ചറിഞ്ഞു. പ്രത്യേക സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ നീണ്ട നിരയും സുല്‍ത്താനെ കാണാനത്തെിയിരുന്നു. അവരോടെല്ലാം കുശലം പറഞ്ഞാണ് സുല്‍ത്താന്‍ മറ്റിടങ്ങളിലേക്ക് നീങ്ങിയത്. പുസ്തകങ്ങളുടെ പ്രദര്‍ശനം നടക്കുന്ന ഹാളിലും സുല്‍ത്താന്‍ എത്തി. കുട്ടികളുടെ പുസ്തകങ്ങള്‍ അദ്ദേഹം മറിച്ച് നോക്കി. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്ന ഹാളിലും സുല്‍ത്താന്‍ സന്ദര്‍ശിച്ചു. വിവിധ രാജ്യക്കാരുടെ കരവിരുതില്‍ വിരിഞ്ഞ കലാസൃഷ്ടികള്‍ ഏറെ നേരം വീക്ഷിച്ചാണ് അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനത്തിന്‍െറ ഭരണാധികാരി മടങ്ങിയത്. സുല്‍ത്താനോടൊപ്പം പ്രമുഖ ശൈഖുമാരും സന്നിഹിതരായിരുന്നു.

Top