സ്‌പോൺസറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യൻ എംബസ്സിയും, നവയുഗവും ചേർന്ന് രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ
ദമ്മാം: ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തിൽ അഭയം തേടിയ ഇന്ത്യക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയായ ബർക്കത്തുന്നിസ മൂന്നു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്കായി എത്തിയത്. നല്ല വീട്ടുകാരും, മികച്ച ജോലിസാഹചര്യങ്ങളുമാണെന്ന നാട്ടിലെ ഏജന്റിന്റെ വാചകമടിയിൽ വിശ്വസിച്ചാണ് ബർക്കത്തുന്നിസ വിസ വാങ്ങി ജോലിയ്‌ക്കെത്തിയത്. എന്നാൽ പ്രതീക്ഷകളെ തകർക്കുന്ന മോശമായ പെരുമാറ്റമാണ് അവർക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത്.

ബർക്കത്തുന്നിസ പറയുന്നത് ഇങ്ങനെയാണ്   ‘ആദ്യദിവസം തന്നെ ആഹാരം പാചകം ചെയ്യാൻ വീട്ടുകാർ അവരോട് പറഞ്ഞു. എന്നാൽ  ബർക്കത്തുന്നിസ  ആഹാരം ഉണ്ടാക്കിയപ്പോൾ, അത് ഇഷ്ടമാകാതെ അവർ  ശകാരിച്ചു. തനിയ്ക്ക് അറബിക്ക് ആഹാരസാധനങ്ങൾ ഉണ്ടാക്കി പരിചയമില്ലെന്നും, അവിടെയുള്ള മറ്റു പാചകക്കാരുടെ സഹായത്തോടെ താൻ കുറേശ്ശേ അത് പഠിച്ചെടുക്കാം എന്നും ബർക്കത്തുന്നിസ പറഞ്ഞപ്പോൾ, കുപിതനായ സ്‌പോൺസർ ബർക്കത്തുന്നിസയുടെ കൈ പിടിച്ച് ചൂടുള്ള സ്റ്റവ്വിൽ വെച്ച് പൊള്ളിച്ചു.’

അത് ഒരു തുടക്കമായിരുന്നു. ചെറിയ കാര്യങ്ങൾക്ക് തന്നെ കുറ്റം കണ്ടുപിടിച്ച് ശകാരിയ്ക്കുകയും, ചീത്ത വിളിയ്ക്കുകയും, പലപ്പോഴും ദേഹോപദ്രവം ഏൽപ്പിയ്ക്കുകയും ചെയ്യാൻ തുടങ്ങി. ശമ്പളമോ സമയത്തിന് ആഹാരമോ കൊടുത്തില്ല. ഒടുവിൽ സഹികെട്ട് ബർക്കത്തുന്നിസ ആരുമില്ലാത്ത അവസരത്തിൽ ആ വീട്ടിൽ നിന്നും പുറത്തുകടന്ന് ദമ്മാമിലെ എംബസ്സി ഹെൽപ്പ്‌ഡെസ്‌ക്കിൽ പോയി പരാതി പറഞ്ഞു. എംബസ്സി വോളന്റീർമാർ അറിയിച്ചതനുസരിച്ച് എത്തിയ സൗദി പോലീസ്, അവരെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

എംബസ്സി അധികൃതർ അറിയിച്ചതനുസരിച്ച് അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ ബർക്കത്തുന്നിസയോട് സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കി. നവയുഗത്തിന്റെ നിർദ്ദേശപ്രകാരം ബർക്കത്തുന്നിസയുടെ ബന്ധുക്കൾ വിസ നൽകിയ ഏജന്റിനെതിരെ നാട്ടിൽ പരാതി നൽകി.  മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും ബർക്കത്തുന്നിസയുടെ സ്‌പോൺസറോടും, നാട്ടിലെ ഏജന്റിനോടും ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. ആദ്യമൊക്കെ നിഷേധരൂപത്തിൽ സംസാരിച്ചെങ്കിലും, ബർക്കത്തുന്നിസ നേരിട്ട ദേഹോപദ്രവത്തിന്റെ പേരിൽ ക്രിമിനൽ കേസ് കൊടുക്കുമെന്ന് ശക്തമായി പറഞ്ഞപ്പോൾ, ഫൈനൽ എക്‌സിറ്റ് നൽകാമെന്ന് സ്‌പോൺസർ സമ്മതിച്ചു. എംബസ്സി വഴി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന നവയുഗത്തിന്റെ ഭീക്ഷണിയിൽ വഴങ്ങിയ നാട്ടിലെ ഏജന്റ്, ബർക്കത്തുന്നിസയ്ക്ക്  മടക്കയാത്രയ്ക്കുള്ള വിമാനടിക്കറ്റ് നൽകാമെന്ന് സമ്മതിച്ചു.

അങ്ങനെ നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ് വെറും കൈയ്യോടെ ബർക്കത്തുന്നിസ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ബർക്കത്തുന്നിസയ്ക്ക് മഞ്ജു മണിക്കുട്ടൻ യാത്രരേഖകൾ കൈമാറുന്നു.

Latest
Widgets Magazine