എന്നോട് ക്ഷമിക്കണേ; എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; പള്ളിയില്‍ കയറി മോഷ്ടിച്ചശേഷം കത്തെഴുതിയ നിഷ്‌കളങ്കനായ കള്ളന്‍ വൈറല്‍

പള്ളിയില്‍ കയറി മോഷ്ടിച്ചശേഷം പശ്ചാത്താപ വിവശനായി പള്ളീലച്ഛന് മാപ്പ് പറഞ്ഞ് കത്തെഴുതിയ മറ്റൊരു നിഷ്‌കളങ്കനായ കള്ളന്റെ കത്തും സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പള്ളിയില്‍ കയറി മോഷണം നടത്തിയ ശേഷം സോറി പറഞ്ഞുകൊണ്ട് ക്ഷമിക്കണേ എന്ന് എഴുതി വച്ച കള്ളന്റെ കത്താണ് വൈറലായിരിക്കുന്നത്. കത്ത് പരിഗണിച്ച് കള്ളന് വേണ്ടി പിറ്റേന്ന് പള്ളിയില്‍ പ്രാര്‍ഥനയും നടന്നു. അമേരിക്കയിലെ കണക്ടിക്കട്ടിലാണ് സംഭവം.

പള്ളിയില്‍ നിന്ന് ഈ നിഷ്‌കളങ്കനായ കള്ളന്‍ ഏകദേശം 4000 ഡോളര്‍(2.7 ലക്ഷം രൂപ)വില വരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. മൗണ്ട് ഒലിവ് എഎംഈ സിയോണ്‍ പള്ളിയിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് മോഷണം പോയത്. പള്ളി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഓഡിയോ,വീഡിയോ ഉപകരണങ്ങള്‍ മോഷണവസ്തുക്കളില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ കണക്ടിക്കട്ടിലെ വാട്ടര്‍ബെറി പോലീസ് ഡിപാര്‍ട്ട്‌മെന്റ് ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് പോലീസ് വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കിയത്. ഫേസ്ബുക്കിലും വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. മോഷ്ടാവെഴുതിയ കത്ത് ഹാര്‍ട്ട്‌ഫോര്‍ഡ് ന്യൂസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. വെടിപ്പാര്‍ന്ന കൈയക്ഷരത്തിലാണ് കത്ത്. സംഭവം അങ്ങനെയൊക്കെയാണെങ്കിലും പശ്ചാത്തപിക്കാന്‍ തയ്യാറായ കള്ളനുവേണ്ടി ഞായറാഴ്ച രാവിലെ പള്ളി അധികാരി പ്രാര്‍ഥന നടത്തി.

മോഷ്ടാവ് കത്തെഴുതി ക്ഷമാപണം നടത്തുന്നത് ഇതാദ്യത്തെ സംഭവമല്ല. ജൂലായില്‍ കേരളത്തിലെ ഒരു വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കട്ടെടുത്ത മോഷ്ടാക്കള്‍ രണ്ടു ദിവസത്തിനു ശേഷം ഇതു പോലെ ക്ഷമ ചോദിച്ച് കത്തെഴുതിയിരുന്നു. അമേരിക്കയിലെ ഒരു റസ്‌റ്റോന്റില്‍ നിന്ന് പണം മോഷ്ടിച്ചു കടന്ന ജോലിക്കാരി പത്തു കൊല്ലത്തിനു ശേഷം പണവും ക്ഷമ ചോദിച്ചുള്ള കത്തും ഏല്‍പിച്ചതും അടുത്തിടെയാണ്.

Latest