അമിത വേഗത്തിന് പിഴയടയ്ക്കാതെ ഉന്നതര്‍; മുഖ്യമന്ത്രി മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ നിയമം ലംഘിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമലംഘനത്തിന് പിഴയടയ്ക്കാതെ ഉന്നതര്‍. മുഖ്യമന്ത്രി മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ നിയമം ലംഘിക്കുന്നുവെന്നാണ് വിവരം. ഒരുതവണ പിഴയിട്ടപ്പോള്‍ തന്നെ പണമടച്ച് ഗവര്‍ണര്‍ മാതൃക കാട്ടിയെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ പിഴയടയ്ക്കാറേയില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റ വാഹനം 52 തവണയാണ് നിയമം ലംഘിച്ചത്. സിപിഐഎം സംസ്ഥാനസെക്രട്ടറിയുടെ വാഹനം 38 തവണയാണ് നിയമം ലംഘിച്ചത്.

മുഖ്യമന്ത്രിയുടെ വാഹനമായ KL01 CB 7400 കഴിഞ്ഞവര്‍ഷം ജൂണ്‍ 28ന് ഓവര്‍സ്പീഡിന് 400 രൂപ പിഴയിട്ടിട്ട് അടച്ചിട്ടില്ല. സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ KL 01 BV 1926 ന് മൂന്നരവര്‍ഷത്തിനിടെ പെറ്റിയടിച്ചത് 38 തവണയാണ്. ഒരുതവണപോലും പിഴയൊടുക്കിയിട്ടില്ല. ഇതേ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റ് മൂന്നുവാഹനങ്ങള്‍ക്കുമായി 53 തവണ പിഴയൊടുക്കാന്‍ നോട്ടീസ് വന്നിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും അടയ്ക്കാനുണ്ട് മൂന്നുതവണത്തെ പിഴ.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള KL 01 BN 6115 നിയമം ലംഘിച്ചത് 52 തവണയാണ്. ഇതേ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള KL 01 BQ 8035 59 തവണയും KL 01 BQ 7563 48 തവണയും KL 01 BZ 2623 46 തവണയും KL 01 BQ 8074 17 തവണയും നിയമം ലംഘിച്ചിട്ടുണ്ട്. അഞ്ചുവാഹനങ്ങള്‍ക്കും കൂടി അടയ്ക്കാനുള്ളത് ഒരുലക്ഷത്തോളം രൂപയാണ്. മുന്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടി നാലുതവണത്തെ പിഴയും കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ രണ്ട് തവണത്തെയും പിഴയൊടുക്കാനുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റ കാര്‍ നിയമം ലംഘിച്ചത് 22 പ്രാവശ്യമാണ്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റ ആഡംബരകാറിന് 10 തവണ നോട്ടീസ് കിട്ടിയിട്ടും അനങ്ങിയിട്ടില്ല. പതിയിരുന്നും ക്യാമറവച്ചും സാധാരണക്കാരന് പിഴയിടുന്ന പൊലീസിനും മോട്ടോര്‍വാഹനവകുപ്പിന്റ നോട്ടീസിന് പുല്ലുവിലയേ ഉള്ളു. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുളള KL 01 BK 7422 ന് നിയമം ലംഘിച്ചത് 52 തവണയാണ്. KL 01 BK 5327 ന് 16 തവണയും.

Latest
Widgets Magazine