ദേശീയ ക്രിക്കറ്റ് രംഗത്തേക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളി സാന്നിധ്യം

കോഴിക്കോട് : ഓസ്‌ട്രേലിയയില്‍ ദേശീയ ക്രിക്കറ്റ് രംഗത്തേക്ക് മറ്റൊരു മലയാളികൂടി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അണ്ടര്‍ 16 ക്രിക്കറ്റ് ടീമില്‍ അഡ്‌ലെയ്ഡില്‍നിന്നുള്ള മലയാളി താരം സൂരജ് രാജേഷ് ഇടംനേടി. സിഡ്‌നി സ്വദേശിയായ മറ്റൊരു മലയാളി താരം അര്‍ജുന്‍ നായര്‍ നേരത്തേ ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിച്ചിരുന്നു. അര്‍ജുന്‍ ഓസീസ് ക്രിക്കറ്റില്‍ ശ്രദ്ധേയനായതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായി സൂരജ് അണ്ടര്‍ 16 ദേശീയടീമില്‍ ഇടംനേടിയത്.

1994ല്‍ തലശ്ശേരിയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ കുന്നപ്പാടി രാജേഷ്‌-സുജിത ദമ്പതിമാരുടെ മകനാണ് സൂരജ്. ജനിച്ചതും വളര്‍ന്നതും അഡ്‌ലെയ്ഡില്‍ത്തന്നെ. ചെറുപ്പത്തിലേ ക്രിക്കറ്റിനോട് താത്പര്യം കാണിച്ച മകനെ രാജേഷ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കുന്ന അഡ്‌ലെയ്ഡ് ഹൈസ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളിലെ ക്രിക്കറ്റ് പ്രോഗ്രാമില്‍ ഇടംനേടിയ സൂരജ് വൈകാതെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായി പേരെടുത്തു. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ മാരിയന്‍ ക്ലബ്ബിനും സതേണ്‍ ഡ്രിസ്ട്രിക്ടിനുംവേണ്ടി കളിച്ചു. സതേണ്‍ ഡ്രിസ്ട്രിക്ടിനായി നേടിയ സെഞ്ചുറിയോടെ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയിലെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്തുകള്‍ തിരഞ്ഞെടുത്തു കളിക്കാനുള്ള മിടുക്കാണ് സൂരജിന്റെ പ്രധാനകരുത്ത്. അതിനഞ്ചുകാരനായ സൂരജ് അഡ്‌ലെയ്ഡ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. മീഡിയം പേസ് ബൗളര്‍ കൂടിയായ സൂരജിന് ഓള്‍റൗണ്ടറായി അറിയപ്പെടാനാണ് താത്പര്യം.

കാന്‍ബറയില്‍ താമസമുറപ്പിച്ച മലയാളി കുടുംബത്തില്‍ അംഗമാണ് കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനായി കളിച്ച അര്‍ജുന്‍ ജയാനന്ദന്‍ നായര്‍. ഓഫ് സ്പിന്‍ ബൗളറും മധ്യനിര ബാറ്റ്‌സ്മാനുമായ അര്‍ജുന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ എ ടീമുകളുടെ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കന്‍ എയ്‌ക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. ഏഴാമനായി ഇറങ്ങിയ അര്‍ജുന്‍ 54 പന്തില്‍ 40 റണ്‍സും എട്ട് ഓവര്‍ ബൗള്‍ചെയ്ത് ഒരു വിക്കറ്റും നേടി.

ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിനുവേണ്ടിയും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുവേണ്ടിയും കളിച്ചിട്ടുണ്ട് ഈ പത്തൊന്‍പതുകാരന്‍. ദേശീയ സീനിയര്‍ ടീമില്‍ എത്താന്‍ സാധ്യതയുള്ള മികച്ച സ്പിന്നറായാണ് അര്‍ജുനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പരിഗണിക്കുന്നത്

Top