ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി; കേസില്‍ റൂറല്‍ എസ്പിയുടെ പങ്ക് വെളിവായിട്ടില്ല

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സിബിഐക്കു വിടുന്ന കാര്യം സർക്കാരിന്‍റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആരെങ്കിലും പ്രത്യേക നിർദേശം നൽകിയതായി അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.കേസില്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെ പങ്ക് വെളിവായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ശ്രീജിത്തിന്റെ കസ്‌റ്റഡിയിലെടുക്കാന്‍ റൂറല്‍ ടൈഗര്‍ ഫോഴ്സ് നിര്‍ദ്ദേശിച്ചതായി തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ, വിദേശവനിതയുടെ കൊലപാതകം എന്നീ വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധികാരപരിധി കടന്ന് അഭിപ്രായം നടത്തിയതിനെയും മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിച്ചു. കേസില്‍ മുൻ റൂറൽ എസ്പി. എ.വി.ജോർജിനെയും ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രതിയാക്കില്ലെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതോടെ നിലവിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരിൽ അന്വേഷണം അവസാനിക്കും. അതേസമയം മേൽനോട്ടത്തിലും കൃത്യനിർവഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ പ്രഭുല്ലചന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തൽസ്ഥാനത്തുനിന്നു മാറ്റാനും ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് ഡിജിപിക്കു റിപ്പോർട്ട് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ ജോർജിനെ പ്രതിയാക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടു നിയമോപദേശം തേടിയെങ്കിലും രണ്ടാഴ്ചയായിട്ടും അദ്ദേഹം മറുപടി നൽകിയിട്ടില്ല. ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എ.വി.ജോർജിനെ പ്രത്യേക അന്വേഷണസംഘം മൂന്നുവട്ടം ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ പിടിച്ച വിവരം വയർലെസ് സെറ്റിലൂടെ അറിഞ്ഞപ്പോൾ എസ്പി ‘വെരി ഗുഡ്’ എന്നു പ്രശംസിക്കുകയും കേസിലുൾപ്പെട്ട പൊലീസുകാരെ ന്യായീകരിക്കുകയും ചെയ്തിരുന്നു.ഇദ്ദേഹം നിയമവിരുദ്ധമായി രൂപീകരിച്ച ‘ടൈഗർ ഫോഴ്സ്’ പൊലീസ് സംഘമാണ് ശ്രീജിത്തിനെ പിടിച്ചത്. എന്നാൽ അന്വേഷണം നടത്താതെ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജോർജിനെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള തീരുമാനവുമായാണു മൂന്നാമതു വിളിച്ചു വരുത്തിയത്.

Top