ഗുഹയിലെ അവസാന കുട്ടിയേയും ജീവനോടെ പുറത്തെത്തിച്ചു: സന്തോഷത്തോടെയെത്തിയ ഡോക്ടറെ കാത്തിരുന്നത് ദുരന്ത വാര്‍ത്ത

ബാങ്കോക്ക്: വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിനെ തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഡോക്ടറായിരുന്ന ഡോ.റിച്ചാര്‍ഡ് ഹാരിസ് സ്വമേധയാ താത്പര്യം അറിയിച്ച് രംഗത്തെത്തുകയായിരുന്നു. തായ്ലന്‍ഡിലെ തന്റെ അവധിക്കാല ആഘോഷം നിര്‍ത്തി രക്ഷാദൗത്യത്തില്‍ അദ്ദേഹം ഭാഗമായി. ഗുഹയില്‍ കുട്ടികള്‍ക്കൊപ്പം മൂന്ന് ദിവസം താമസിച്ച് അവര്‍ക്ക് വേണ്ട പരിചരണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി. ഏറെ ശ്വാസം മുട്ടുന്ന ഈ രക്ഷാദൗത്യത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏറെ ദുര്‍ബ്ബലരായ കുട്ടികളെ ആദ്യം ഗുഹയ്ക്ക് പുറത്തെത്തിച്ചത്.

അവസാനം ഗുഹയില്‍ നിന്നും പുറത്തിറങ്ങിയവരില്‍ ഒരാള്‍ ഹാരി എന്നറിയപ്പെടുന്ന ഡോ.ഹാരിസ് ആണ്. എന്നാല്‍ ലോകം മുഴുവന്‍ കുട്ടികള്‍ രക്ഷപ്പെട്ടത് ആഘോഷമാക്കിയപ്പോള്‍ ഡോ.ഹാരിസിനെ തേടിയെത്തിയത് ഒരു ദുഃഖവാര്‍ത്തയായിരുന്നു. രക്ഷാദൗത്യം വിജയകരമായി വിരാമമായതിന് പിന്നാലെ അദ്ദേഹത്തതിന്റെ പിതാവ് മരണപ്പെട്ടെന്ന വാര്‍ത്തയാണ് അഡ്‌ലെയ്ഡില്‍ നിന്നും ഡോക്ടറെ തേടിയെത്തിയത്. ദൗത്യത്തില്‍ ഡോക്ടറുടെ പങ്ക് ഏറെ വലുതാണെന്ന് ചിയാങ് റായ് പ്രവിഷ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഔസോട്ടാനകോണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് ധൈര്യം നല്‍കി ഹാരിസ് കൂടെ ഉണ്ടായിരുന്നത് ഏറെ ആശ്വാസകരമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്ഷാദൗത്യം വിജയിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും പുകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. അദ്ദേഹത്തിന് ‘ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം നല്‍കി ആദരിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ഡോക്ടറെ ആദരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി. മുങ്ങല്‍ വിദഗ്ധനായ ഡോക്ടര്‍ മികച്ച അണ്ടര്‍വാട്ടര്‍ ഫൊട്ടോഗ്രാഫറും കൂടിയാണ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ക്രിസ്മസ് ദ്വീപ്, ചൈന എന്നിവിടങ്ങളില്‍ മുങ്ങല്‍ പര്യടനങ്ങളില്‍ ഭാഗമായിട്ടുണ്ട്. 2011ല്‍ ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഡൈവിങ്ങിനിടെ മരണപ്പെട്ട ആഗ്‌നസ് മിലോവ്ക എന്ന ഉറ്റസുഹൃത്തിന്റെ മൃതദേഹം കണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ടതും ഇദ്ദേഹത്തെയായിരുന്നു. പസഫിക്കില്‍ ദുരന്തമുഖത്ത് ചികിത്സാ സഹായവുമായി എത്തുന്ന മുഖങ്ങളില്‍ തിരഞ്ഞാല്‍ ഇദ്ദേഹത്തേയും കാണാനാവും.

മനുഷ്യശക്തിയും ദൃഢനിശ്ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയും 18-ാം ദിവസമായ ബുധനാഴ്ചയാണ് പുറത്തെത്തിച്ചത്.

പ്രാര്‍ഥനയുമായി കാത്തിരുന്ന ലോകത്തിന്റെ മനം നിറഞ്ഞു. ഗുഹയില്‍ ജീവവായുവെത്തിച്ചു മടങ്ങുന്നതിനിടെ ശ്വാസം നിലച്ചുപോയ സമാന്‍ കുനന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ലോകം നൃത്തംവയ്ക്കുമായിരുന്നു. അവസാനം പരിശീലകനെ പുറത്തിറങ്ങിയതിന് പിന്നാലെ ഡോക്ടറും മൂന്നു തായ് സീലുകളും സുരക്ഷിതരായി പുറത്തെത്തി. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുഹാബന്ധനത്തിന് അവസാനം.

Top