പ്രസിഡന്റ് സ്ഥാനത്തു നിന്നു മകനെ വെട്ടി വെള്ളാപ്പള്ളി; രാഷ്ട്രീയമില്ലാത്ത നീക്കം പാർട്ടിയുടെ രജിസ്‌ട്രേഷൻ ഉറപ്പിക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെഡിഎസിന്റെ രജിസ്‌ട്രേഷനിൽ ഉണ്ടാകാനുള്ള എതിർപ്പ് മറികടക്കാൻ മകനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു തെറിപ്പിച്ചു വെളളാപ്പള്ളി നടേശൻ. പാർട്ടിയുടെ രജിസ്‌ട്രേഷൻ സമയത്ത് സിപിഎമ്മും കോൺഗ്രസും ഉയർത്താനിടയുള്ള പ്രധാന ആരോപണം മറികടക്കുന്നതിനാണ് ഇപ്പോൾ മകനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി വെള്ളാപ്പള്ളി സുഭാഷ് വാസുവിനെ ഔദ്യോഗിക പ്രസിഡന്റാക്കി മാറ്റിയിരിക്കുന്നത്.
എസ്എൻഡിപിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ വെള്ളാപ്പള്ളിയുടെ വർഗീയ പ്രസംഗങ്ങളെ കൂട്ടി എതിർക്കുന്നതിനാണ് ഇപ്പോൾ സിപിഎമ്മും കോൺഗ്രസും ആലോചിക്കുന്നത്. വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ ചിഹ്നം കൂപ്പുകൈ ആയതിനെ തന്നെ കോൺഗ്രസ് പ്രത്യക്ഷമായി എതിർക്കുന്നുണ്ട്. ഇതേ വാദം തന്നെയാവും കോൺഗ്രസ് പാർട്ടിയും ബിജെഡിഎസിന്റെ രജിസ്‌ട്രേഷൻ സമയത്ത് ഉന്നയിക്കുക.
വെള്ളാപ്പള്ളി നടത്തിയിരിക്കുന്ന വർഗീയ പ്രസംഗങ്ങൾ ഉന്നയിച്ചാവും രാഷ്ട്രീയ പാർട്ടിയെ എതിർക്കുക. എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണാൻ സാധിക്കാത്ത മത സംഘടനയുടെ രാഷ്ട്രീയ പാർട്ടിക്കു അംഗീകാരം നൽകരുതെന്നാവും സിപിഎമ്മിന്റെ വാദം.
പാർട്ടിയുടെ പ്രസിഡന്റായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ചേർത്തലയിൽ ചേർന്ന പാർട്ടിരൂപീകരണ യോഗത്തിനു ശേഷം ഇക്കാര്യം വെള്ളാപ്പള്ളി മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പാർട്ടിയുടെ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ അപേക്ഷയിൽ പ്രസിഡന്റായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം സുഭാഷ് വാസുവിന്റെ പേരാണുള്ളത്. തെരഞ്ഞെടുപ്പു കമ്മീഷൻ രജിസ്‌ട്രേഷൻ നടപടികളുടെ ഭാഗമായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ പരസ്യം പ്രസിദ്ധീകരിച്ചു. ഇത്തരത്തിലുള്ള വിവിധ എതിർപ്പു മറികടക്കുന്നതിനാണ് സുഭാഷ് വാസുവിന്റെ പേര് പാർട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചതെന്നാണ് സൂചന.
ബി.ഡി.ജെ.എസിന് രജിസ്‌ട്രേഷൻ നൽകുന്നതിൽ എതിർപ്പുള്ളവരുണ്ടെങ്കിൽ മുപ്പതു ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മിഷൻ പരസ്യം നൽകിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് പാർട്ടിയുടെ ഓഫീസ് എന്ന് പരസ്യത്തിൽ പറയുന്നു. പരസ്യത്തിൽ പറയുന്നതുപ്രകാരം സുഭാഷ് വാസു പ്രസിഡന്റും ടി.വി ബാബു ജനറൽ സെക്രട്ടറിയും എ.ജി തങ്കപ്പൻ ട്രഷററുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നേരത്തെ എസ്.എൻ.ഡി.പി നേതൃത്വം പ്രഖ്യാപിച്ചതു പ്രകാരം സുഭാഷ് വാസു ടി.വി ബാബുവിനൊപ്പം പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. അതിന് ആഴ്ചകൾക്കുശേഷം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുഷാർ ബി.ഡി.ജെ.എസിന്റെ ദേശീയ പ്രസിഡന്റാണെന്നാണ് പറഞ്ഞിരുന്നത്.

രജിസ്‌ട്രേഷൻ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ണിൽ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രസിഡന്റായി മറ്റൊരാളെ ചൂണ്ടിക്കാട്ടിയതെന്ന് ആരോപണമുണ്ട്. കൊട്ടിഘോഷിച്ച് പാർട്ടി രൂപീകരിച്ചെങ്കിലും രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങാൻ പോലും ഏറെ വൈകിയതും സംശയമുണ്ടാക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ പേരിൽ മൈക്രോഫിനാൻസ് അഴിമതിയടക്കം നിരവധി കേസുകൾ നിലവിലുണ്ട്. അതു മൂലമാണ് അദ്ദേഹം പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിന്നതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതേ കാരണത്താലാണ് തുഷാറിന്റെ പേര് തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ അപേക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. വിദേശത്തടക്കം ബിസിനസ് സംബന്ധമായ കേസുകളും മറ്റും തുഷാറിനെതിരെ നിലനിന്നിരുന്നു. ഇത്തരം കാരണങ്ങൾക്കു പുറമെ രഹസ്യമായ മറ്റ് അജണ്ടകൾ ഈ നീക്കത്തിനു പിന്നിലുണ്ടോയെന്നും സംശയമില്ലാതില്ല. രജിസ്‌ട്രേഷൻ തരപ്പെടുത്തിയതിനു ശേഷം വലിയ നൂലാമാലകളില്ലാതെ പുതിയ പ്രസിഡന്റിനെ രേഖകളിൽ ഉൾപ്പെടുത്താൻ കഴിയും. അത്തരമൊരു നീക്കമാണ് പാർട്ടി നേതൃത്വം നടത്തിയതെന്നും സംശയമുണ്ട്.

നേരത്തെ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ കൂടി ഇനിയിപ്പോൾ തുഷാർ അഖിലേന്ത്യാ പ്രസിഡന്റും സുഭാഷ് വാസു സംസ്ഥാന പ്രസിഡന്റുമാണെങ്കിലും രജിസ്‌ട്രേഷന് അപേക്ഷിക്കേണ്ടത് തുഷാറിന്റെ പേരിലാണ്. സംസ്ഥാന പാർട്ടിയാണെങ്കിൽ ദേശീയ നേതാക്കളെ പ്രഖ്യാപിക്കേണ്ട ആവശ്യവുമില്ല. തെരഞ്ഞെടുപ്പു കമ്മിഷന് മുൻപിൽ പാർട്ടി പ്രസിഡന്റായി ഉയർത്തിക്കാട്ടിയ സുഭാഷ് വാസുവും ഏറെ ആരോപണങ്ങൾക്ക് വിധേയനായിട്ടുള്ളയാളാണെന്നതാണ് മറ്റൊരു വസ്തുത. അബ്ക്കാരിയായിരുന്ന ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളും നേരത്തെയുണ്ടായിട്ടുണ്ട്.
ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യം സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും ഏറെയൊന്നും പുരോഗമിച്ചിട്ടില്ല. സീറ്റ് നൽകുന്നതു സംബന്ധിച്ചും മറ്റും ചില ചർച്ചകൾ നടന്നിരുന്നെങ്കിലും ഇരുകൂട്ടരും ബാന്ധവത്തിന്റെ ഗുണഫലത്തെക്കുറിച്ച് ഇപ്പോഴും ആശങ്കിയിലാണെന്നാണ് സൂചന. കച്ചവടതാത്പര്യങ്ങൾ ഏറെയുള്ള വെള്ളാപ്പള്ളി നടേശനും മകനും വളരെ സൂക്ഷിച്ചാണ് ഇക്കാര്യങ്ങളിൽ നിലപാടെടുക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പി ബന്ധം പ്രതീക്ഷിച്ചത്ര ഫലം ചെയ്തില്ലെന്ന് വിശ്വസിക്കുന്നവർ ബി.ജെ.പിയിലും ഏറെയാണ്.

Top