വിജയ് മല്യ രാജ്യം വിട്ടു; കോടികൾ കടം നൽകിയ ബാങ്കുകൾ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സിബിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറ്റോർണി ജനറൽ മുകുൾ രോഹ്തഗിയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വായ്പാകുടിശിക വരുത്തിയ വിജയ് മല്യയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു വിവിധ ബാങ്കുകൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കളെ കാണാൻ ബ്രിട്ടനിലേക്കു പോകണമെന്നു വിജയ് മല്യ കുറച്ചു നാളുകൾക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട പതിനേഴു ബാങ്കുകളുടെ കൺസോർഷ്യം സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചത്. കിംഗ് ഫിഷർ വിമാനക്കമ്പനിക്കു നൽകിയ ഇനത്തിലാണ് വിവിധ ബാങ്കുകളിൽ വിജയ് മല്യ ശതകോടികളുടെ വായ്പ തിരിച്ചടയ്ക്കാനുള്ളത്. കേസ് പരിഗണിക്കുമ്പോൾ വിജയ് മല്യയോട് നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെടണമെന്നും ബാങ്കുകളുടെ കൺസോർഷ്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മാർച്ച് രണ്ടിന് മല്യ നാടുവിട്ടതായാണ് സിബിഐയുടെ റിപ്പോർട്ട്.

തുടർന്നാണു വിജയ് മല്യ നാടു വിട്ടതായി സ്ഥിരീകരണം അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. വിജയ്മല്യ തിരിച്ചടയ്ക്കാനുള്ളത് ഏഴായിരം കോടി രൂപയാണ്. മൂന്നു വർഷം മുമ്പാണ് ഇന്ത്യയിലെ രണ്ടാമത്ത വലിയ വിമാനക്കമ്പനിയായിരുന്ന കിംഗ് ഫിഷർ നഷ്ടം മൂലം പ്രവർത്തനം നിർത്തിയത്. കിംഗ് ഫിഷറിന്റെ ആസ്തികൾ ലേലം ചെയ്യാൻ കഴിഞ്ഞദിവസം ബാങ്കുകൾ തീരുമാനിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെയും നരേന്ദ്രമോദിയുടെയും മൗനസമ്മതത്തോടെയാണ് വിജയ് മല്യ രാജ്യം വിട്ടതെന്നാണ് സൂചന. നേരത്തേ, ലളിത് മോഡിയെയും കഴിഞ്ഞ യുപിഎ സർക്കാർ ഇത്തരത്തിൽ രാജ്യംവിടാൻ അനുവദിച്ചിരുന്നു.

വിജയ് മല്യ രാജ്യം വിട്ടാൽ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു അറ്റോർണി ജനറൽ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് വിജയ് മല്യയുടെ സ്വത്തുവകകൾ കണ്ടെകെട്ടിയാൽ ബാങ്കുകൾക്കു നൽകാനുള്ള തുകയുണ്ടാക്കാമെന്നായിരുന്നു രോഹ്തഗിയുടെ നിലപാട്. ഇതു കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്നും മല്യ നാടുവിട്ടതിനു പിന്നിൽ മോദിയുടെ സഹായവും മൗനസമ്മതവും ഉണ്ടെന്നാണ് ആക്ഷേപം.

Top