ലോകകപ്പ് വേദി ഖത്തർ തന്നെ: ഉപരോധം ഒരുതരത്തിലും ബാധിക്കില്ല

സ്‌പോട്‌സ് ഡെസ്‌ക്

2022ലെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ നിന്നും മാറ്റിവെക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ ചേർന്ന് കത്തെഴുതിയതായുളള വാർത്ത വ്യാജം. വാർത്ത പുറത്ത് വിട്ടെന്ന് പറയപ്പെടുന്ന സ്വിസ് വെബ് സൈറ്റിന്റെ സഹ ഉടമസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൈറ്റിന്റെ വ്യാജ പതിപ്പിലാണത്രെ ഇത്തരമൊരു വാർത്ത പ്രത്യക്ഷപ്പെട്ടത്. ഖത്തറുമായി നയതന്ത്ര ബന്ധം റദ്ദാക്കിയ സൗദി അറേബ്യ , യമൻ, മൗറിത്താനിയ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ ആറ് അറബ് രാജ്യങ്ങളാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് കത്തെഴുതിയിരിക്കുന്നെന്നായിരുന്നു വാർത്ത. സ്വിറ്റ്സർലന്റ് വെബ്സൈറ്റായ ദ ലോക്കൽ ആണ് ഇക്കാര്യം പുറത്ത് വിട്ടതെന്നുമായിരുന്നു പ്രചാരണം.
എന്നാൽ ഇങ്ങനെയൊരു കത്ത് ലഭിച്ച കാര്യം ഫിഫ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഖത്തർ ഭീകരവാദത്തിന്റെ ആസ്ഥാനമാണെന്ന ആരോപണമുന്നയിച്ചാണ് അറബ് രാജ്യങ്ങളുടെ നീക്കമെന്നും റിപ്പോർട്ടിലുണ്ട്. ഫിഫയുടെ 85 ആം ആർട്ടിക്കിൾ അനുസരിച്ച് അടിയന്തിരമായ സാഹചര്യങ്ങളിൽ ലോകകപ്പ് വേദികൾ മാറ്റാമെന്ന വകുപ്പുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് രാജ്യങ്ങളുടെ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ദ ലോക്കലിൽ നിന്നും ഇത്തരമൊരു വാർത്ത പുറത്ത് വന്നിട്ടില്ല. ഇത്തരത്തിലൊരു അവകാശവാദം ഞങ്ങൾ എവിടെയും ഉയർത്തിയിട്ടില്ല’ ലോക്കൽ സഹഉടമ ജയിംസ് സാവേജിനെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കത്തിനെ കുറിച്ചറിയില്ലെന്ന് ഖത്തറും പ്രതികരിച്ചു. എന്നാൽ സൗദിയുൾപ്പെടെയുള്ള രാജ്യങ്ങൾ അത്തരം നീക്കങ്ങൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന് തങ്ങൾക്കറിയാമെന്നും ഖത്തർ കൂട്ടിച്ചേർത്തു. സ്റ്റേഡിയം നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വാർത്ത വന്നത്. കഴിഞ്ഞ മാസമാണ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ആറ് അറബ് രാജ്യങ്ങൾ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top