കോഴിക്കോട്ട് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

 പേരാമ്പ്രയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ഗോകുലം ബസ്സാണ് കാലത്ത് ഏഴരയോടെ പൊറ്റമ്മല്‍ ജങ്ഷനില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ ആദ്യ ട്രിപ്പുമായി പേരാമ്പ്രയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ബസ്സാണ് ഇന്ന് കാലത്ത് ഏഴരയോടെ പൊറ്റമ്മല്‍ ജങ്ഷനില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പൊറ്റമ്മല്‍ ജംഗ്ഷനില്‍വച്ച് ബൈക്ക് യാത്രക്കാരന്‍ റോഡ് മുറിച്ചുകടന്നപ്പോള്‍ ബ്രേക്കിട്ട ബസ് നിയന്ത്രണം വിട്ട് തിരിയുകയായിരുന്നുവെന്നും തുടര്‍ന്ന് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്നും ബസ് അമിത വേഗതയിലല്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി മുമ്പിലെയും പിറകിലെയും ഗ്ലാസ് തകര്‍ത്താണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നെറ്റിയിലാണ് പരിക്ക്. പോലീസ് കണ്‍്‌ട്രോള്‍ റൂം വാഹനത്തിലും നാട്ടുകാരുടെ വാഹനത്തിലുമാണ് ബസിലുള്ളവരെ ആശുപത്രിയിലെത്തിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.

Top