ഇന്ന് മുതല്‍ വീണ്ടും ക്ലാസുകള്‍; ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ബാച്ചുകളായി ഇന്ന് ആരംഭിക്കും, സ്‌കൂളുകള്‍ 21 മുതല്‍ സാധാരണ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളും ഇന്നു മുതല്‍ സ്‌കൂളുകളില്‍ പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. 10, 11, 12 ക്ലാസുകള്‍ നിലവിലുള്ളതുപോലെ 19 വരെ തുടരും.

21 മുതല്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി കോവിഡ് കാലത്തിന് മുമ്പെന്നപോലെ സാധാരണ നിലയില്‍ വൈകിട്ടുവരെ ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ് ഈ മാസം അവസാന ആഴ്ച മുതല്‍ മുഴുവന്‍ സമയം ക്ലാസുകള്‍ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും കുട്ടികള്‍ക്ക് പഠനത്തിന് കൂടുതല്‍ സമയം ലഭ്യമാക്കാനാണ് ഒരാഴ്ച മുമ്പേ ക്ലാസുകള്‍ സാധാരണ നിലയിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു. അതത് സ്‌കൂളുകള്‍ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കണം.

പ്രീ പ്രൈമറി ക്ലാസുകളും ഇന്നു തുടങ്ങും

ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവ തുറക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍
പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി ക്ലാസുകളും ഇന്നു ആരംഭിക്കും.
പ്രീപ്രൈമറി വിഭാഗം തിങ്കള്‍ മുതല്‍ വെളളി വരെ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ എടുക്കാം.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ 16ന് ആരംഭിക്കും. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചയും ഇനി മുതല്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ നടത്താനും തീരുമാനിച്ചു. തീയതികള്‍ പിന്നീട് തീരുമാനിക്കും.

Top