എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമോ? തന്റെ വീട്ടില്‍ പുലര്‍ച്ചവരെ ഉണ്ടായിരുന്നുവെന്ന് കാമുകിയുടെ മൊഴി

RENISSഎരുമേലി: എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹതയകറ്റാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. രാത്രി കാമുകിയുടെ വീട്ടില്‍ നിന്ന മടങ്ങിവരവെയാണ് വിദ്യാര്‍ത്ഥി മരണപ്പെടുന്നത്. വാഹനാപകടമെന്ന് ലോക്കല്‍ പോലീസ് വിലയിരുത്തിയ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മരണത്തിന് തൊട്ട് മുമ്പ് വരെ കാമുകിയ്‌ക്കൊപ്പം റെമീസുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. റെമീസിന്റെ കാമുകി തന്നെ ഇത്തരത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അച്ഛനേയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഇയാള്‍ അന്വേഷണ സംഘത്തോട് സ്വീകരിച്ചത്. മണങ്ങല്ലൂര്‍ താനത്തുപറമ്പില്‍ സൈനുദീന്‍ആരിഫ ദമ്പതികളുടെ മകനായ റെമിസിനെയാണ് (20) എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാമുകിയുടെ മൊബൈല്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് റെമീസ് രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയില്‍ പന്ത്രണ്ട് മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഏതാണ്ട് രണ്ടര വരെ അവിടെ തുടര്‍ന്നു. അതിന് ശേഷമാണ് അപകടമുണ്ടായത്. റെമീസിന്റെ മൊബൈല്‍ ഫോണിലെ സന്ദേശങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായിരുന്നു. റെമീസ് വീട്ടിലുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. രാത്രി രണ്ട് മണിയോടെ തിരികെ പോയി എന്നാണ് പൊലീസിന് നല്‍കിയ മൊഴിയെന്നാണ് സൂചന. പെണ്‍കുട്ടിയയച്ച മൊബൈല്‍ മെസേജുകള്‍ തെളിവായുള്ളത് കൊണ്ട് പെണ്‍കുട്ടിക്ക് കാര്യങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല. റെമീസിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ ശേഷം റോഡില്‍ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ വാദം.ലോക്കല്‍ പൊലീസ് കേസിനെ അപകടമാക്കി മാറ്റാനെടുത്ത താല്‍പ്പര്യം ഇതിന്റെ വ്യക്തമായ സൂചനയാണെന്ന് അവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും അപകടം നടന്ന സ്ഥലത്തും ഇന്നലെ ഫോറന്‍സിക് പരിശോധന ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ അന്വേഷണ സംഘം ഗൗരവത്തോടെ ഏടുക്കുന്നുവെന്നാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന. ഏറെ നാളായി റെമീസും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. പ്രൊഫഷണല്‍ കോഴ്‌സിന് വിദേശത്ത് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് എത്തിയപ്പോള്‍ റെമീസിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗിന് പഠിക്കുന്ന റെമീസും പെരുന്നാള്‍ ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. ഇവരുടെ ബന്ധത്തോടെ അച്ഛനും വീട്ടുകാര്‍ക്കും കടുത്ത എതിര്‍പ്പുമായിരുന്നു. ഈ സാഹചര്യത്തില്‍ അര്‍ദ്ധ രാത്രിയില്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം റെമീസിനെ കണ്ടാല്‍ എന്താകും നടക്കുമെന്ന് ഊഹിക്കാം. ഇത് തന്നെയാകും മരണത്തിന് കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് നാട്ടുകാര്‍. കഴുത്തിലെ മുറിവില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും അവര്‍ പറയുന്നു. സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ തട്ടിയാണ് റെമീസ് മരിച്ചതെന്നാണ് ലോക്കല്‍ പൊലീസിന്റെ വിശദീകരണം. എന്നാല്‍ റെമീസിന്റെ ബൈക്കിന് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. കഴുത്തിന് വെട്ടുള്ളതു പോലെ പൊലീസ് പറയുകയും ചെയ്യുന്നു. കാലിനും വാളുകൊണ്ടുള്ള മുറവിന് സമാനമായ ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു കൊണ്ടതിന്റെ കേടുപാടുകളാണ് ഉള്ളതും. ഈ സാഹചര്യത്തില്‍ റെമീസിനെ കൊന്ന ശേഷം സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലിയിലെത്തിയത്. ബൈക്ക് അപകടം നടന്ന സ്ഥലവും ഇടിച്ച ഓട്ടോയും സംഘം പരിശോധിച്ചു. മരിച്ച മണങ്ങല്ലൂര്‍ താഴത്തുവീട്ടില്‍ റെമീസിന്റെ മൊബൈലിലേക്ക് വന്ന കോളുകളും മെസേജുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Top