തൃക്കാക്കര പിടിക്കാന്‍ പഞ്ചാബ് മോഡല്‍ ഇലക്ഷന്‍ പ്ലാനുമായി ആ ആദ്മി

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയില്‍ എ.എ.പിയും ട്വന്റി-ട്വന്റിയും കൈകോര്‍ക്കാണ് മത്സരത്തിന് ഇറങ്ങുന്നത്.

ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തില്‍ പുതിയ തുടക്കമാകുമെന്നാണ് ട്വന്റി-ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് പറയുന്നത്. ആരാകണം സ്ഥാനാര്‍ത്ഥി എന്നതില്‍ അടക്കം ആലോചനകള്‍ നടത്തി വരികയാണ് ഈ സഖ്യം. മുന്‍ ഡിജിപി കൂടിയായ പി ശ്രീലേഖ, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോസ് ജോര്‍ജ്ജ്, ആം ആദ്മി നേതാവ് വിന്‍സെന്റ് എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന നടക്കുന്നത്. യുഡിഎഫിന് ബദലാകുക എന്നതാണ് ലക്ഷ്യമെന്ന് സാബു സൂചിപ്പിക്കുമ്ബോള്‍ വെല്ലുവിളി നേരിടേണ്ടി വരിക കോണ്‍ഗ്രസ് ആകുമെന്ന് ഉറപ്പാണ്. കെജ്രിവാള്‍ കേരളത്തില്‍ എത്തുന്ന ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള ചര്‍ച്ചകള്‍ക്കായി അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. ഒരുപക്ഷേ അന്ന് തന്നെ മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അരവിന്ദ് കെജ്രിവാള്‍ ദേശീയ നേതാക്കളുമായി യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ സോംനാഥ് ഭാരതിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച്‌ കേരളത്തിന്റെ ചുമതലയുള്ള നേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ടും ചര്‍ച്ചയായി. തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവില്‍ ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്. എന്നാല്‍ ട്വന്റി-ട്വന്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എ.എ.പിയിലേക്ക് ട്വന്റി ട്വന്റി ലയിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നിലവില്ലെന്നാണ് വിവരം. ഇരു പാര്‍ട്ടികളും കേരള വികസനത്തിനായി സഹകരിച്ച്‌ നീങ്ങാനാണ് നിലവിലെ ധാരണ.

.

 

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അറിയിച്ചിരിക്കുന്നത്. സിപിഐ.എമ്മിന്റെ നയത്തിന്റെ ഭാഗമായി യുവാക്കളെയായിരിക്കും പരിഗണിക്കുക. അഡ്വ. കെ.എസ്. അരുണ്‍ കുമാറിനായിരിക്കും സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെ വരും ദിവസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെയാവും ബിജെപി കളത്തിലിറക്കുക എന്നാണ് സൂചന. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Top