കാണ്‍പുർ: ന്യൂസിലാന്‍ഡിനെതിരേ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിർണായക മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 338 റൺസായിരുന്നു. കളിയുടെ അവസാനം വരെ പൊരുതിയാണ് ന്യൂസിലാന്‍ഡ് തോൽവിക്ക് വഴങ്ങിയത്.ഇതോടെ ന്യൂസിലൻഡിനെ ആറു റൺസിന് പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ ഏഴാം പരമ്പര സ്വന്തമാക്കി. അവസാന ഓവർവരെ ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിനെ പിന്തുടർന്ന ന്യൂസിലൻഡ് 337 റൺസ് പിന്നിൽ വെല്ലുവിളി അവസാനിപ്പിച്ചു.
കോളിൻ മുൺറോ (75), ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (64), ടോം ലാതം (65) എന്നിവരുടെ അർധസെഞ്ചുറി മികവിൽ കിവികൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ വിജയത്തെ തടുക്കാനായില്ല. റോസ് ടെയ്‌ലർ (39), ഹെൻട്രി നിക്കോൾസ് (37) എന്നിവരും മികച്ച പ്രകടനം നടത്തിയിട്ടും അവസാന ഓവറുകളിലെ സമ്മർദം അതിജീവിക്കാനാവാതെ ന്യൂസിലൻഡ് വീണു. 46.5 ഓവറിൽ 306 ന് നാല് വിക്കറ്റ് എന്ന നിലയിൽനിന്നാണ് കിവികൾ കൂപ്പുകുത്തിയത്. അർധസെഞ്ചുറിയുമായി കിവികളെ വിജയത്തിലേക്കു നയിക്കുകയായിരുന്ന ടോം ലാതം 47.5 ാം ഓവറിൽ പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്. ഗ്രാൻഡ്ഹോമിയുമായുള്ള ആശയക്കുഴപ്പം റൺഔട്ടിൽ കലാശിക്കുകയായിരുന്നു.
നേരത്തെ നായകന്‍റെയും ഉപനായകന്‍റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻസ്കോർ കണ്ടെത്തിയത്. നിശ്ചിത 50 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 337 റൺസ് വിജയലക്ഷ്യം കുറിച്ചു. രോഹിത് ശർമയും (147) കോഹ്‌ലിയും (113) ചേർന്ന് മൂന്നാം വിക്കറ്റിൽ 230 റൺസാണ് കൂട്ടിച്ചേർത്തത്. 138 പന്ത് നേരിട്ട രോഹിത് രണ്ട് സിക്സറുകളും 18 ഫോറുകളും അടിച്ചുകൂട്ടി. 106 പന്തുകളിൽ ഒരു സിക്സും ഒൻപത് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു നായകന്‍റെ ഇന്നിംഗ്സ്. ശിഖർ ധവാൻ (14), ഹാർദിക് പാണ്ഡ്യ (8), ധോണി (25), കേദാർ ജാദവ് (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ദിനേഷ് കാർത്തിക് മൂന്നു പന്തിൽ നാല് റണ്‍സുമായി പുറത്താകാതെനിന്നു.