മലപ്പുറം: മലപ്പുറം നഗരത്തില്‍ ഇനി ആരും വിശന്നരിക്കേണ്ടിവരില്ല. പണമില്ലെങ്കിലും വിശപ്പകറ്റാനുള്ള വകുപ്പാണ് മലപ്പുറം നഗരസഭയും ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനും ഒരുക്കുന്നത്. നഗരസഭയുമായി സഹകരിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ചുമരിലുണ്ട് എന്ന പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്ക് മുന്നിലേയും ചുമരുകളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്ന ടോക്കണുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പ്രഭാത ഭക്ഷണത്തിന് റോസ് നിറമുളള ടോക്കണുമായി ഹോട്ടലിന് അകത്തെത്തിയാല്‍ ഭക്ഷണം കഴിക്കാം. ഉച്ചയൂണിന് പച്ച നിറമുളള ടോക്കണ്‍ എടുക്കണം. നഗരത്തില്‍ വിശന്നെത്തുന്നവര്‍ക്ക് നാട്ടുകാരുടെ കൂടി സാമ്പത്തിക സഹായത്തോടെയാണ് ഭക്ഷണം ചുമരിലുണ്ട് എന്ന പേരില്‍ നടപ്പാക്കുന്നത്.
പദ്ധതിയില്‍ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാത് ഹോട്ടലുകളില്‍ പണമടച്ച് ടോക്കണുകള്‍ വാങ്ങി ചുമരില്‍ വക്കാം. സഹായം എന്ന നിലക്ക് കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ ഭക്ഷണം വിളന്പുന്നത്. മന്ത്രി എം.കെ. മുനീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.