സംസ്ഥാനത്ത് നാളെ പരക്കെ മഴയ്ക്ക് സാധ്യത; പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 78; 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 2,47,219 പേർ

കേരളത്തിൽ ആശങ്ക പരത്തി ബംഗാൾ ഉൾക്കടലിൽ വലിയ ന്യൂനമർദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം അതിതീവ്രമഴ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീരദേശമേഖലകളിലായിരിക്കും മഴയെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തമിഴ്നാട് അപ്പർ ഭവാനി ഡാം ഉച്ചയോടെ തുറക്കും. അട്ടപ്പാടിയിൽ ഭവാനി പുഴയുടെ തീരങ്ങളിൽ അധികൃതര്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടില്ല. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം.

എന്നാല്‍, സംസ്ഥാനത്ത് റെയിൽ ഗതാഗതം ഇന്നും സുഗമമാകില്ല. എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ– ആലപ്പുഴ എക്സ്പ്രസ്, മംഗളുരു– നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ– മംഗളുരു ഏറനാട് എക്സ്പ്രസ്, നാഗർകോവിൽ– മംഗളുരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, തിരുവനന്തപുരം– വെരാവൽ എക്സ്പ്രസ്, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, മംഗളുരു–നാഗർകോവിൽ ഏറനാട് എക്സ്പ്രസ് എന്നിവയാണ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മണ്ണിൽ പുതഞ്ഞ ജീവനുകൾക്കായി മൂന്ന് ദിവസത്തിനു ശേഷവും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയിൽ 7 പേരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയിൽ 4 പേരുടെയും പുത്തുമലയിൽ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

പ്രളയത്തിലും ഉരുൾപൊട്ടലിലും ആകെ മരണം 78. സർക്കാർ സ്ഥിരീകരിച്ചത് 72 മരണം. സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 2,47,219 പേർ. ഏറ്റവുമധികം പേർ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ.

286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. 47.42 ലക്ഷം വൈദ്യുതി കണക്‌ഷനുകൾ തകരാറിലായി. 12 സബ് സ്റ്റേഷനുകൾ വെള്ളത്തില്‍ മുങ്ങി. 13.24 ലക്ഷം കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.

മലപ്പുറം കവളപ്പാറയിൽ മൊത്തം മരണം 13 ആയി. മുതിരക്കുളവൻ മുഹമ്മദ് (45), വെട്ടുപറമ്പിൽ വിക്ടറിന്റെ മകൾ അനീന (4), ഭാസ്കരന്റെ ഭാര്യ താന്നിക്കൽ രാഗിണി എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീയുടെയും മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.

മലപ്പുറം കോട്ടക്കുന്നിൽ ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും (21) ഒന്നരവയസ്സുള്ള മകൻ ധ്രുവന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ശരത്തിന്റെ അമ്മ സരസ്വതി(45)യെക്കുറിച്ചു വിവരമില്ല. 

വയനാട് മേപ്പാടി പുത്തുമലയിൽ പ്രദേശവാസിയായ റാണി (57)യുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹങ്ങൾ.

മഴ കുറഞ്ഞതോടെ കെഎസ്ആർടിസി ഭൂരിഭാഗം ദീർഘദൂര സർവീസുകളും പുനഃസ്ഥാപിച്ചു. കൊച്ചി ഉൾപ്പെടെ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനസജ്ജം. സർവീസുകൾ സാധാരണനിലയിലാണ്

അതേസമയം, മഴ തിമര്‍ത്തുപെയ്യുന്ന കർണാടകയിൽ എട്ട് ദിവസത്തിനിടെ പൊലിഞ്ഞത് നാൽപതിലേറെ ജീവൻ. ഇതുവരെ 31 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലിൽ എട്ട് പേരെ കാണാതായ കുടകിലെ തോറയിലേക്ക് ഇതുവരെ ദുരന്തനിവാരണ സേനയ്ക്ക് എത്താനായിട്ടില്ല. ഇതുൾപ്പെടെ 14 പേരെയാണു കാണാതായത്. മാണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. വടക്കൻ കർണാടകയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്. 2.18 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ. 17 ജില്ലകളിലായി പ്രളയം ബാധിച്ചത് 1024 ഗ്രാമങ്ങളെ. പൈതൃകനഗരമായ ഹംപി, തുംഗഭദ്ര നദി കരകവിഞ്ഞതിനെ തുടർന്ന് വെള്ളപ്പൊക്കഭീഷണിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രളയമേഖലകളിൽ വ്യോമനിരീക്ഷണം നടത്തി. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇതുൾപ്പെടെ മരണം 30 കവിഞ്ഞു.761 ഗ്രാമങ്ങളാണു വെള്ളപ്പൊക്കത്തിൽപ്പെട്ടത്. 4.24 ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. മേഖലയിൽ മഴകുറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 31 ആയി. സൗരാഷ്ട്രയിലും മധ്യ ഗുജറാത്തിലുമാണു കനത്ത നാശനഷ്ടങ്ങൾ തുടരുന്നത്.

Top