യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനെതിരെ സിപിഎം രംഗത്ത്

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരേ സി.പി.ഐ.എം രംഗത്ത്. മേമനെ തൂക്കിലേറ്റരുതെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി വധശിക്ഷയ്ക്ക് എതിരാണെന്നും കുറിപ്പില്‍ പറയുന്നു. 1993ലുണ്ടായ മുംബൈ സ്‌ഫോടനത്തില്‍ 257 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഈ ഹീനമായ ആക്രമണത്തിന് പിന്നിലുള്ളവരെ വിചാരണചെയ്യുകയും ശിക്ഷിക്കുകയും വേണ്ടതാണ്.എന്നാല്‍ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോഴും രാജ്യത്തിന് പുറത്ത് സ്വതന്ത്രരായി നടക്കുകയാണ്. അവരെ തിരികെ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം. ഈ ആക്രമണത്തിന്റെ ഗൂഢാലോചനക്കാരിലൊരാളായ യാക്കൂബ് മേമനെ മാത്രമാണ് പിടികൂടാനായതും വിചാരണ നടത്താനായതും. ഇന്ത്യന്‍ നീതീന്യായ വ്യവസ്ഥക്ക് മുന്നില്‍ കീഴടങ്ങിയ യാക്കൂബ് മേമനാണ് ആക്രമണത്തില്‍ പാകിസ്ഥാനിലെ ചിലര്‍ക്കുള്ള പങ്കിനെ കുറിച്ച് വിവരം നല്‍കിയത്.

ആക്രമകാരികള്‍ക്ക് അഭയം നല്‍കിയവരെ കുറിച്ചുള്ള വിവരവും കൈമാറിയിരുന്നു. സ്‌ഫോടനകേസില്‍ ഇന്ത്യ ഗവര്‍മെന്റിന്റെ കൈയിലുള്ള എക സാക്ഷിയും മേമനാണ്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു. തുടര്‍ന്നാണ് ഈ മാസം 30ന് ശിക്ഷ നടപ്പാക്കാനുളള ഒരുക്കങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അന്ന് തന്നെയാണ് മേമന്റെ 54ാം പിറന്നാള്‍ 1993 മാര്‍ച്ച് 12നായിരുന്നു മുംബൈ നഗരത്തില്‍ പലയിടങ്ങളിലായി 12 സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 100 പേര്‍ കുറ്റക്കാരാണെന്ന് ടാഡ കോടതി വിധിച്ചു. ഇതില്‍ 12 പേര്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍ 2013 മാര്‍ച്ചില്‍ 11 പേരുടെ ശിക്ഷ സുപ്രീംകോടതി ഇളവു ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷ കോടതി ശരിവെയ്ക്കുക്കുകയും ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ അത് തളളിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top