ഭോപ്പാല്‍ :പത്ത് വയസ്സുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിന് അടുത്തുള്ള ഇറ്ററാസിയിലാണ് പത്ത് വയസ്സുകാരന്‍ തൂങ്ങിമരിക്കാന്‍ ഒരുങ്ങിയ അമ്മയെ രക്ഷിച്ചത്. യുവതി ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്
ഏതാനും നാളുകളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. യുവതിയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ച് വന്നിരുന്നത്. നേരത്തെ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് എടുത്ത് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മകന്‍ വീട്ടില്‍ നിന്നും പുറത്ത് പോയ സമയം നോക്കി യുവതി തുണി കൊണ്ട് കഴുത്ത് മുറുക്കി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകന് വാതില്‍ അകത്ത് നിന്ന് പൂട്ടിയത് കണ്ടപ്പോള്‍ തന്നെ സംശയം ഉടലെടുത്തു.ജനല്‍ തള്ളി തുറന്ന് അകത്തേക്ക് നോക്കിയപ്പോള്‍ ബാലന്‍ കണ്ടത് മുറിക്കുള്ളില്‍ അത്യാസന നിലയില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയെയായിരുന്നു. ആ കാഴ്ച കണ്ട് മനസ്സ് ഒന്ന് പതറിയെങ്കിലും ഉടന്‍ തന്നെ സ്വബോധം വീണ്ടെടുത്ത കുട്ടി ഗ്രാമത്തിലെ പൊലീസ് സ്‌റ്റേഷനിലേക്ക് ഓടി ചെന്ന് വിവരം അറിയിക്കുകയായിരുന്നു. വീടിന് അടുത്തായിരുന്നു പൊലീസ് സ്റ്റേഷന്‍. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലാക്കി. തക്ക സമയത്ത് മനസ്സ് പതറാതെ തന്റെ അമ്മയെ രക്ഷിക്കാന്‍ പത്ത് വയസ്സുകാരന്‍ കാണിച്ച ചങ്കൂറ്റത്തിനെ അഭിനന്ദിക്കുകയാണ് ഗ്രാമവാസികള്‍ ഇപ്പോള്‍.