ആയിരം ഏക്കർ നികത്താനുള്ള യുഡിഎഫ് സർക്കാരിന്റെ മറ്റൊരു പദ്ധതി കൂടി പൊളിച്ചു പണിയുന്നു; കോടിമത മൊബിലിറ്റി ഹബ് വേണ്ടെന്നു വയ്ക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ വികസനത്തിന് ഏറെ ഉതകുമെന്ന് കരുതിയ കോടിമത മൊബിലിറ്റി ഹബ്ബ് കോട്ടയത്തിന് നഷ്ട്ടമാകുന്നു. ആയിരം ഏക്കർ പാടശേഖരം നികത്തണമെന്ന പദ്ധതിയാണ് ഇടതു സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ സർക്കാർ പ്രാരംഭ നടപടികൾ ആരംഭിച്ച പദ്ധതിക്ക് തോമസ് ഐസക്കിന്റെ ബജറ്റിൽ ചില്ലിക്കാശുപോലും നീക്കിവച്ചിട്ടില്ല. ഈ വിഷയത്തിൽ പുതിയ സർക്കാരിന്റെ സമീപനം ഈ ബജറ്റോടെ വ്യക്തമാക്കുന്നതാണ്. കോട്ടയം കോറിഡോർ പദ്ധതിക്കു സ്വീകരിച്ചിട്ടുള്ള അതേ മാതൃകയിൽ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഇക്കോ ടൂറിസം പദ്ധതികളുടെ പട്ടികയിൽ പെടുത്തി റോഡ്ജലറയിൽവേ ഗതാഗതങ്ങളെ കോർത്തിണക്കിയുള്ളതായിരുന്നു പദ്ധതി. രണ്ട് ബസ് ടെർമിനൽ കോംപ്ലക്‌സ്, കൺവൻഷൻ സെന്റർ, എക്‌സിബിഷൻ സെന്റർ, ക്രിക്കറ്റ് സ്‌റ്റേഡിയം, ഫാമുകൾ തുടങ്ങിയവ പ്ദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായുള്ളതാണ് നിർദ്ദിഷ്ട കോടിമത മൊബിലിറ്റി ഹബ്ബ്. ഇതിനായി കോട്ടയം താലൂക്കിലെ നാട്ടകം വില്ലേജിൽപ്പെട്ട നൂറു മുതൽ 125വരെ ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ ാരംഭിച്ചിരുന്നത്. തരിശു കിടക്കുന്ന കൃഷിഭൂമി എന്ന പേരിൽ ഏറ്റെടുക്കുന്ന സ്ഥലം പൂർണമായി നികത്തും. പകുതി സ്ഥലം ഭൂവുടമകൾക്ക് തന്നെ തിരികെനൽകും എന്നതായിരുന്നു മുൻസർക്കാരിന്റെ തീരുമാനം. ഇതിന്റെ പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ജനപങ്കാളിത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. 250 ഏക്കർ വരെയുള്ള തരിശുനിലം നികത്താനാണ് ഉത്തരവ് നൽകിയിരുന്നത്. നേരത്തേ ഇതേ നിബന്ധനകളിൽ തന്നെയാണ് കോട്ടയം കോറിഡോർ പ്രോജക്ടിനു വേണ്ടിയും നിലം നികത്താൻ ഉത്തരവ് നൽകിയിരുന്നത്.
പദ്ധതി ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആക്ഷേപവും അക്കാലത്ത് ഉയർന്നിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിക്ക് തുടക്കത്തിലെ കല്ലുകടി ഉണ്ടായെങ്കിലും പിന്നീട് ഇത് സ്വപ്‌നപദ്ധതിയായി മാറി. പദ്ധതി നടപ്പിലാകുന്നതോടെ കോട്ടയത്തിന് വിനോദസഞ്ചാര മേഖലയിൽ പുതിയൊരു വാതായനമാണ് തുറക്കേണ്ടിയിരുന്നത്. അതോടൊപ്പം തൊഴിൽ സാധ്യതയും ഏറും. പരമ്പരാഗത വ്യവസായങ്ങളും അഭിവൃദ്ധപ്പെടാൻ സാഹചര്യം ഒരുങ്ങിയേനേം. ഇതിലുപരി എന്നും കോട്ടയം നഗരത്തിന്റെ തീരാശാപമായ ഗതാഗത കുരുക്കിന് ശാശ്വതപരിഹാരം കൂടിയായിരുന്നു നിർദ്ദിഷ്ടഹബ്ബ്. അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ള കോട്ടയത്തിന്റെ മുഖഛായ മാറ്റാൻ ഈ പദ്ധതിക്ക് കഴിയുമായിരുന്നു.
സ്ഥപരിമിതിയിൽ വീർപ്പുമുട്ടുന്ന കെഎസ്ആർടിസി ബസ്സ്റ്റാന്റ് ഹബ്ബിന്റെ ഭാഗമായി കോടിമതയിലേക്ക് മാറിയാൽ തന്നെ നഗരത്തിലെ കുരുക്കിന് വൻ ആശ്വാസം ഉണ്ടാകുമായിരുന്നു. സ്വകാര്യ ബസ്സ് സ്റ്റാന്റിനായി നഗരസഭ കോടിമതയിൽ നേരത്തേതന്നെ സ്ഥലം കണ്ടെത്തിയിരുന്നതാണ്. ഇപ്പോൾ ഇവിടെയാണ് കെഎസ്ആർടിസി താത്ക്കാലിക ഗ്യാരേജ് പ്രവർത്തിക്കുന്നത്. കോടിമതയിൽ എംസി റോഡിന് സമാന്തരമായാണ് റയിൽവേ ലൈൻ കടന്നുപോകുന്നത്. ഇത് ഏതാനും മീറ്ററുകൾ നീട്ടിയാൽ ഹബ്ബുമായി റയിൽഗതാഗതത്തെ ബന്ധിപ്പിക്കാൻ കഴിയുമായിരുന്നു. നഗരത്തിലെ ജലഗതാഗതത്തിനെ സ്വീകരിക്കുന്ന യാത്രക്കാർക്ക് കോടിമത ബോട്ടുജെട്ടിയാണ് ഇപ്പോഴും ആശ്രയം. ആറ്റിൽ പോളതിങ്ങിയതോടെ ബോട്ടുകൾ കോടിമതവരെ വരാനുള്ള സാഹചര്യവും നഷ്ടമാകുകയാണ്. ഈ അവസരത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി ജലഗതാഗത മാർഗ്ഗവും ബോട്ടുജെട്ടികളും നവീകരിക്കാൻ കഴിയുമായിരുന്നു. കോട്ടയത്തിന്റെ തലവരതന്നെ മാറ്റിയെഴുതുവാൻ ഉതകുമായിരുന്ന പദ്ധതിയെയാണ് പുതിയ സർക്കാർ നിർദ്ദാഷണ്യം അവഗണിക്കുന്നത്. മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ വികസനത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top