ലക്ഷ്യം പന്ത്രണ്ട് സീറ്റ്: പാർലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നു വൻ നേട്ടമുണ്ടാക്കാനൊരുങ്ങി ബിജെപി. ഇത്തവണ ലോക്‌സഭയിലേയ്ക്ക് 12 സീറ്റെങ്കിലും കേരളത്തിൽ നിന്നും ഉണ്ടാകണമെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ബി.ജെ.പി കേരള ഘടകത്തിന് നൽകിയ നിർദേശം. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് ഒരു സീറ്റ് ലഭിച്ചതും, ഏറെക്കുറെ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതും കേരള ഘടകത്തിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. . ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി തങ്ങളുടെ ഏകദേശ ലിസ്റ്റിന് രൂപം നൽകിയിരിയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വമ്പൻമാർ മത്സരിക്കുമെന്ന സൂചന. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കുമെന്നതാണ് സവിശേഷത. ആറ്റിങ്ങലിൽ ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്നും ഏതാണ്ട് ഉറപ്പായി. ബിജെപിക്ക് ഏറെ സാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ ശ്രീശാന്തോ മത്സരിക്കും.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണ്ണായകം. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി സികെ ജാനുവിനേയും തെക്കൻ ജില്ലകളിലെ മണ്ഡലങ്ങളിൽ ഒന്നിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയേയും മത്സരിപ്പിക്കാനാണ് നീക്കം. കോട്ടയത്ത് പിസി തോമസും സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനയുണ്ട്.

ബിജെപിക്ക് ഏറ്റവും കൂടതൽ വോട്ടുകളുള്ളത് തിരുവനന്തപുരത്താണ്. ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന ചർച്ച സജീവമാണ്. ബിജെപിയിൽ എത്തിയ സൂപ്പർതാരം സുരേഷ് ഗോപിക്കാണ് സാധ്യത കൂടുതൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപിയും നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ നിയോഗിക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം സംഘപരിവാറിൽ സജീവമാണ്.

ആറ്റിങ്ങലിൽ ബിജെപിയുടെ മുൻ അധ്യക്ഷൻ വി മുരളീധരനാകും സ്ഥാനാർത്ഥി. അദ്ദേഹം ഉടൻ പ്രചരണം തുടങ്ങുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തായിരുന്നു മുരളി മത്സരിച്ചത്. രണ്ടാമത് എത്തുകയും ചെയ്തു. ഈഴവ വോട്ടുകൾ ഏറെയുള്ള ആറ്റിങ്ങലിൽ മുരളിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. കാട്ടാക്കട, നെടുമങ്ങാട് എന്നിവടങ്ങളിൽ 35000ലധികം വോട്ടുകളും ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി മുരളീധരനിലൂടെ വോട്ട് ക്രമാതീതമായി കൂട്ടാനാണ് നീക്കം. ഇതോടെ തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി ശക്തമായ പോരാട്ടം നടത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ആറ്റിങ്ങലിനൊപ്പം കാസർഗോട്ടെ സ്ഥാനാർത്ഥിയിലും ബിജെപിയിൽ ധാരണയായിട്ടുണ്ട്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കാസർഗോട്ട് സ്ഥാനാർത്ഥിയാകും. സംഘപരിവാർ സംവിധാനം അനുസരിച്ച് കർണ്ണാടകത്തിൽ ആർഎസ്എസിന് കീഴിലാണ് കാസർഗോഡുള്ളത്. രാജീവ് ചന്ദ്രശേഖർ ബംഗളുരുവിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. കർണ്ണാടകത്തിലെ ആർഎസ്എസ് നേതൃത്വവുമായി നല്ല ബന്ധവുമുണ്ട്. ഈ സാഹചര്യത്തിലാണ് കാസർഗോട്ടേക്ക് രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നത്. ഏഷ്യാനെറ്റ് ചെയർമാൻ പിന്മാറിയാൽ കെ സുരേന്ദ്രനാകും സാധ്യത. ആർ.എസ്.എസ് നിലപാട് തന്നെയാകും ഇക്കാര്യത്തിൽ നിർണ്ണായകം. മഞ്ചേശ്വരത്ത് നിന്ന് 84 വോട്ടിന് തോറ്റ സുരേന്ദ്രന് കാസർഗോഡ് നല്ല ജനപിന്തുണയുണ്ട്. കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഏഷ്യാനെറ്റിന്റെ കൂടെ സഹായം ഉറപ്പിക്കാൻ രാജീവ് ചന്ദ്രശേഖറിലേക്ക് ചർച്ചകൾ എത്തുകയായിരുന്നു.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിഡിജെഎസ് താൽപ്പര്യങ്ങൾക്കും ബിജെപി മുൻതൂക്കം നൽകും. ആലപ്പുഴയിൽ തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കാനായിരിയ്ക്കും നിർദേശിക്കുക . വയനാട് സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കാനാണ് താൽപ്പര്യം. പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലും ബിജെപി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. തൃശൂരിലെ പ്രധാന മുഖം തന്നെ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രൻ, സികെ പത്മനാഭൻ, വിവി രാജേഷ്, തുടങ്ങിയവരും സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. ആറന്മുള ഉൾപ്പെടുന്ന പത്തനംതിട്ട നിയമസഭാ മണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കോട്ടയത്ത് എൻഡിഎയുടെ ഘടകക്ഷി നേതാവായ പിസി തോമസിനും സാധ്യത ഏറെയാണ്.

കേരളാ കോൺഗ്രസ് മാണിയെ എൻഡിഎയിൽ എത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കേരളാ കോൺഗ്രസ് എത്തിയാൽ മധ്യകേരളത്തിൽ അവർക്ക് രണ്ട് സീറ്റുകൾ മത്സരിക്കാൻ നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ കോട്ടയത്ത് ജോസ് കെ മാണി മത്സരിക്കും. മധ്യകേരളത്തിലെ സീറ്റിലൊന്നിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ പേരും സജീവ ചർച്ചയാണ്.
തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ രണ്ടാമത് എത്തിയിരുന്നു. പതിനായിരത്തിൽ പരം വോട്ടുകൾക്ക് അവസാന റൗണ്ടിലാണ് കോൺഗ്രസിന്റെ ശശി തരൂർ ജയിച്ചത്. അതിനിടെ ശശി തരൂർ ബിജെപിയിൽ എത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചരണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആറ്റിങ്ങലിലും കാസർഗോഡും
സ്ഥാനാർത്ഥിയെ നിശ്ചയിച്ച ബിജെപി തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയിൽ ധാരണയുണ്ടാക്കാത്തതെന്നാണ് സൂചന.

Top