കോട്ടയം: സ്‌കൂള്‍ ടോയ്‌ലറ്റില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂരകൃത്യം നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വെച്ചാണ്. പതിനാറുകാരി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് വിവരം.
ജനനേന്ദ്രിയത്തില്‍ ആഴമേറിയ മുറിവും അണ്ഡവാഹിനി കുഴലിനു ഗുരുതരമായ പരിക്കുകളും ഏറ്റ പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി. യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. പെണ്‍കുട്ടി കൊടുമണ്‍ സ്വദേശിയായ ഹരികൃഷ്ണ(22)നുമായി ദീര്‍ഘനാളായി പ്രണയത്തിലാണ്. സംശയാസ്പതമായ സാഹചര്യത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
+1 ക്ലാസിലേക്കു ട്യൂഷനു പോയ പെണ്‍കുട്ടിയുടെ പിന്നാലെ ഹരികൃഷ്ണന്‍ കൂടുകയായിരുന്നു. ഇരുവരും കതക് തുറന്ന് കിടന്ന സ്‌കൂള്‍ ബാത്ത്‌റൂമിലേക്കു പോയി. ഏറെക്കഴിഞ്ഞ് അവശയായി നടന്ന പെണ്‍കുട്ടിയെ അടുത്ത വീട്ടിലെ സ്ത്രീയാണ് ആദ്യം കണ്ടത്. കുട്ടിയില്‍നിന്നു ഫോണ്‍ നമ്പര്‍ വാങ്ങി പിതാവിനെ വിളിച്ചു. തന്നെ ആരോ കുത്തി പരുക്കേല്‍പിച്ചെന്നാണു കുട്ടി ഇവരോട് പറഞ്ഞിരുന്നത്. പിതാവ് പറഞ്ഞ പ്രകാരം അവര്‍ കുട്ടിയെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി വൈകാതെ പെണ്‍കുട്ടി കൂടുതല്‍ അവശയായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു പീഡനവിവരം പുറത്തുവന്നത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മനസിലാക്കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച ഐ.സി.യുവിലേക്കു മാറ്റി. കാമുകനായ ഹരികൃഷ്ണനാണു തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി തന്നെ ഹരികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ജനനേന്ദ്രിയത്തിലുണ്ടായ ആഴത്തിലുള്ള മുറിവും അണ്ഡവാഹനിക്കുഴലിനുണ്ടായ പരുക്കുകളും ഒന്നിലധികം ആള്‍ക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന സംശയമുണ്ടാക്കി. മറ്റുള്ളവരെ രക്ഷപ്പെടാന്‍ പൊലീസ് സഹായിക്കുന്നതായി ആരോപണമുണ്ട്. ഹരികൃഷ്ണനും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ ബന്ധപ്പെട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. കുട്ടി മറ്റാര്‍ക്കുമെതിരേ മൊഴി നല്‍കിയിട്ടില്ലെന്നു ചിറ്റാര്‍ സിഐ എം.ജി. സാബു പറഞ്ഞു. ഡോക്ടറുടെ റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നുമില്ലെന്നാണു പൊലീസ് ഭാഷ്യം.