ഡൽഹിയിൽ പിടിയിലായ കണ്ണൂരുകാരൻ വൻ സ്രാവ് .. വി.കെ. ഷാജഹാന്‍ നാട്ടില്‍ കലാപങ്ങളുണ്ടാക്കി രസിക്കുന്നവൻ .കേരളത്തിൽ നിന്നും ഐ.എസിൽ 180 മലയാളികള്‍ 88 പേര്‍ കാസര്‍ഗോട്ടു നിന്നും

കണ്ണൂര്‍: ഇസ്ലാമിക് സ്‌റ്റേറ്റിസിലേക്ക് ഇതുവരെയെത്തിയ മലയാളികള്‍ 180 ലേറെ പേര്‍. ഇതില്‍ 88 പേര്‍ കാസര്‍ഗോട്ടു നിന്നും 33 പേര്‍ കണ്ണൂരില്‍ നിന്നുമാണ്. മലപ്പുറത്തു നിന്നും കോഴിക്കോടുനിന്നുമാണ് മറ്റുള്ളവരിലേറേയും. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഐ.എസ്. പ്രവര്‍ത്തകന്‍ വി.കെ. ഷാജഹാന്‍ നാട്ടില്‍ കലാപങ്ങളുണ്ടാക്കി രസിക്കുന്ന പ്രകൃതക്കാരനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശിയായ ഷാജഹാന്‍ സി.പി.എം. ഉം ബി.ജെ.പി.യും പരസ്പരം പോരടിക്കുന്നതിന് കാരണക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി കെട്ടിടങ്ങളും ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളും കൊടിമരങ്ങളും തകര്‍ക്കുന്നതില്‍ കൂട്ടാളികളോടൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. തേജസ്സ് പത്രത്തിന്റെ വിതരണത്തിനിടെയാണ് ഇത്തരം ഛിദ്ര പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നത്. ബൈക്കിലെത്തി അക്രമം നടത്തുകയായിരുന്നു ഇയാളുടെ പതിവ്. പാര്‍ട്ടി പ്രചരണ സാധനങ്ങള്‍ നശിപ്പിച്ചാല്‍ എതിരാളികള്‍ ഉണരും. തിരിച്ച് അവരും ഇത്തരം നടപടികള്‍ സ്വീകരിക്കും. ഇതിന്റെയെല്ലാം പിറകില്‍ ഷാജഹാനായിരുന്നുവെന്ന് കാഞ്ഞിരോട് വെച്ച് സി.പി.എം. കാര്‍ പിടികൂടുന്നതു വരെ ആരും അറിഞ്ഞിരുന്നില്ല. സി.പി.എം. ഉം ബി.ജെ.പി.യും പരസ്പരം പോരടിക്കുന്നതില്‍ കാരണക്കാരന്‍ ഷാജഹാനാണെന്ന് ഈ മേഖലയിലുള്ളവര്‍ അറിഞ്ഞതോടെ ആ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു.
അതോടെയാണ് ഇയാളില്‍ തീവ്രവാദ നിലപാട് വന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനവായ ഷാജഹാന്‍ പിന്നീട് ഐ.എസുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അതോടെ ഭാര്യാ സമേതം വിദേശത്ത് കഴിഞ്ഞു. അതിനിടയിലും തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു. തിരിച്ച് ഇന്ത്യയിലേക്ക് തന്നെ മടക്കി അയച്ചതു വഴി അതേ പാസ്‌പ്പോര്‍ട്ടില്‍ പോകുന്നതിന് വിഷമം നേരിട്ടു. അതിനാല്‍ ചെന്നൈയിലെത്തി വ്യാജപേരില്‍ മറ്റൊരു പാസ്പ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് വീണ്ടും തുര്‍ക്കിയിലെത്തിയത്. തുര്‍ക്കി അതിര്‍ത്തിയില്‍ വെച്ച് സി.ഐ.എ. യുടെ നീരീക്ഷണത്തില്‍ പെട്ടതോടെ വീണ്ടും തിരിച്ചയക്കുകയായിരുന്നു. അതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഷാജഹാന്‍ അറസ്റ്റിലായി. ഷാജഹാന്റെ മൊബൈല്‍ പോലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് സൂചന.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷാജഹാന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ സജീവമായിരുന്നു. ബൂത്ത് ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. നാട്ടില്‍ കുറേ യുവാക്കളെ പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ത്തത് ഇയാളായിരുന്നു. അതില്‍ കുറേ പേര്‍ ജോലി തേടി ഗള്‍ഫിലേക്കും മറ്റും പോയിരുന്നു. ഇയാളുടെ അനുയായികളില്‍ ചിലര്‍ ഇപ്പോഴും സംശയത്തിന്റെ മുനയിലാണ്. തീവ്ര നിലപാടുള്ള റൈറ്റ് തിങ്കേഴ്‌സ് കൂട്ടായ്മയില്‍ പങ്കാളിയായിരുന്നു ഷാജഹാന്‍. 32 കാരനായ ഷാജഹാന് മൂന്ന് മക്കളുമുണ്ട്. ഒരു മാസമായി ഭാര്യ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും ഷാജഹാന്‍ വീട്ടിലെത്തിയിരുന്നില്ല. ഷാജഹാനുമായി ബന്ധമുളളവരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്.

Top