ജിഗ്‌നി: പ്ലസ് 2 വിദ്യാര്‍ത്ഥിനിയെ കോളജിനടുത്തുളള കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ ജിഗ്‌നിയിലുള്ള സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനി 17 വയസ്സുള്ള പുഷ്പയെയാണ് കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബണ്ണാര്‍ങ്കട്ട സ്വദേശിനിയായ പെണ്‍കുട്ടി കോളജിലെ പ്ലസ് 2 വിദ്യാര്‍ത്ഥിനിയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കോളജിന് തൊട്ടടുത്ത് തന്നെയുള്ള കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടൈത്തിയത്. രണ്ട് ദിവസമായി പുഷ്പയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകന്‍ നിഖില്‍ ഒളിവിലാണ്. ഇതേ കോളജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ് നിഖില്‍. വിവാഹം കഴിച്ച് ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുവാന്‍ പെണ്‍കുട്ടിയെ നിഖില്‍ എപ്പോഴും നിര്‍ബന്ധിക്കാറുള്ളതായി പുഷ്പയുടെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഠനത്തിന് ശേഷം മാതാപിതാക്കളുടെ സമ്മതതോടെ മാത്രമെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമുള്ളു എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ ഈ ബന്ധം പുഷ്പയുടെ വീട്ടുകാര്‍ അറിഞ്ഞു. വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തതോടെ പുഷ്പ മാനസികമായി തളര്‍ന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നിഖിലിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.