മരണം തല്‍സമയം പകര്‍ത്തി ഫെയ്സ്ബുക്കിലൂടെ സ്ട്രീം ചെയ്ത രണ്ടാമത്തെ സംഭവവും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൂന്നു പേരുടെ മരണമാണ് ഫെയ്സ്ബുക്ക് ലൈവ് സ്ട്രീം വഴി ലോകം കണ്ടത്. നേരത്തെ യൂട്യൂബിലും മറ്റു സോഷ്യല്‍മീഡിയകളിലും ലൈവ് സ്ട്രീം ചെയ്യാനുള്ള സേവനം ഉണ്ടായിരുന്നുവെങ്കിലും മരണം ലൈവ് ചെയ്ത റിപ്പോര്‍ട്ടുകള്‍ കുറവായിരുന്നു.
വാഹനത്തിലിരുന്ന് പുകവലിച്ച്, പാട്ടുകേട്ട് ആഘോഷിക്കുകയായിരുന്ന മൂന്നു യുവാക്കളെയാണ് അക്രമി വെടിവെച്ച് കൊന്നത്. മരിച്ചവരില്‍ ഒരാള്‍ അവര്‍ മൂന്നുപേരുടെയും ആഘോഷം ഫെയ്സ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് അക്രമി വെടിവയ്ക്കുന്നത്.
വര്‍ജീനിയയിലെ നോര്‍ഫോക്കില്‍ വൈകീട്ട് 6.10 നാണ് ദുരന്തം സംഭവിച്ചത്. 27, 29 വയസ്സുള്ളവരാണ് മരിച്ചത്. മരിച്ചവരിലൊരാളായ ടി.ജെ. വില്യംസാണ് വിഡിയോ ലൈവ് ചെയ്തിരുന്നത്. ഡ്രൈവിങ് സീറ്റിലിരുന്ന റഷദ് വില്യംസ് മൂന്നു പേരുടെയും മുഖം മാറിമാറി പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം.
കേവലം മിനിറ്റുകള്‍ നീണ്ട സ്ട്രീമിങിനു ശേഷം വെടിയേല്‍ക്കുന്നതോടെ എല്ലാം നിശ്ചലമായി. സെല്‍ഫോണ്‍ താഴെ വീഴുന്നതും പിന്നെ സ്ക്രീന്‍ അനക്കമില്ലാതെയായി. തുടര്‍ന്ന് ഒരേ ഫ്രെയിം മണിക്കൂറോളം ലൈവ് സ്ട്രീം ചെയ്തു.