നാലും ബിജെപി തൂത്തുവാരുമോ ?4 സംസ്ഥാനങ്ങൾ വിധി ഇന്നറിയാം. സംസ്ഥാനങ്ങളിലെ മേൽക്കൈ കേന്ദ്രത്തിൽ കരുത്താകും.

ന്യുഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ വിധി ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ ജനവിധിയാണ് ഇന്ന് അറിയാനാകുക.മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. 2024 ലെ പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി കരുതുന്ന തെരഞ്ഞെടുപ്പ് ആർക്ക് അനുകൂലമാണെന്ന് ഇന്നറിയാം

5 സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ, അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സാംപിൾ ഡോസായാണ് പലരും കണക്കാക്കുന്നത്. യഥാർഥത്തിൽ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരസ്പരം സ്വാധീനിക്കുന്നുണ്ടോ എന്നുള്ളതും ചോദ്യമാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ ഒമ്പത് മണിയോടെ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും, ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 119 സീറ്റുകളിലെയും ഫലമാണ് ഇന്ന് അറിയാനാകുക.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് അധികാരത്തുടർച്ച തേടുമ്പോൾ ബി ജെ പി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടർച്ച തേടുമ്പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. തെലങ്കാനയിലാകട്ടെ ബി ആ‍ർ എസിന്‍റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയിൽ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിക്കും മുൻതൂക്കം നൽകുന്നു. എന്നാൽ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് വ്യക്തമാകുന്നത്.

5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും റിഹേഴ്സലാണെന്നും പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ അത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണെന്നും, തോൽക്കുന്നവർ രണ്ടു തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും പറയും, അത് നാട്ടുനടപ്പാണ്.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവർക്ക് 2024ൽ അതു നൽകുന്ന ആത്മവിശ്വാസം വലുതായിരിക്കും. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മാറ്റുരച്ച പ്രധാനികൾ. ഇതിൽ രാജസ്ഥാനും ഛത്തീസ്ഗഡും ഭരിക്കുന്ന കോൺഗ്രസ് ഇത് നിലനിർത്തുമോ അതോ ബിജെപി പിടിച്ചെടുക്കുമോ എന്നാണ് ഡിസംബർ 3 തീരുമാനിക്കുക. മധ്യപ്രദേശ് നിലനിർത്തുമെന്ന് ബിജെപിയും പിടിച്ചെടുക്കുമെന്ന് കോൺഗ്രസും അവകാശപ്പെടുന്നുണ്ട്. തെലങ്കാനയിലും മിസോറമിലും ഭരണം പ്രതീക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നവംബർ 30ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതുമുതൽ ആകാംക്ഷയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം.

Top