ട്രെയിനിറങ്ങി വരികയായിരുന്ന യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം ! ബാഗ് പരിശോധിച്ചപ്പോൾ രേഖകളില്ലാതെ 46 ലക്ഷം രൂപ ! മൂന്ന് പേർ പിടിയിൽ.

കണ്ണൂർ: പയ്യന്നൂരിൽ മതിയായ രേഖകളില്ലാതെ കടത്തിയ 46 ലക്ഷത്തോളം രൂപയുമായി മൂന്ന് പേർ പോലീസ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായത്. 45,86,800 രൂപയാണ് പോലീസ് ഇവരിൽ നിന്ന് പിടികൂടിയത്. പണവും കൊണ്ട് ട്രെയിനിൽ വന്നിറങ്ങിയ മഹാരാഷ്ട്ര രത്നഗിരി സ്വദേശികളായ സത്യവാൻ, ആദർശ് എന്നിവരെയും ഇവരെ സ്വീകരിക്കുവാൻ സ്റ്റേഷനിലെത്തിയിരുന്ന ശിവാജിയുമാണ് കുടുങ്ങിയത്.

പയ്യന്നൂർ പോലീസും ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പയ്യന്നൂർ റെയിൽവെ സ്റ്റേഷന് പുറത്ത് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് ബാഗുകളുമായി സ്റ്റേഷന് പുറത്തെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് പണം കണ്ടെത്തിയതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ സി. സനീത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഗിന്റെ ഉള്ളിൽ നിരവധി അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 500ന്റെ 200 നോട്ടുകളടങ്ങിയ ഒരു ലക്ഷം വീതമുള്ള 45 കെട്ടുകളും ബാക്കി 200 ന്റെയും 100 ന്റെയും നോട്ടുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. ചോദ്യം ചെയ്തപ്പോൾ ശിവാജിക്ക് കൈമാറുവാനാണ് പണം കൊണ്ട് വന്നതെന്ന് സത്യവാനും, ആദർശും പറഞ്ഞതായി എസ്.ഐ. പറഞ്ഞു.

മഹാരാഷ്ട്ര സ്വദേശിയായ ശിവാജി കഴിഞ്ഞ ഇരുപത് വർഷമായി കുടുംബ സമേതം പയ്യന്നൂരിലാണ് താമസം. ടൗണിൽ പഴയ ബസ് സ്റ്റാന്റിനടുത്ത് പഴയ സ്വർണ്ണo വാങ്ങുന്ന സ്ഥാപനം നടത്തിവരികയാണ്. പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ എൻഫോഴ്സ്മെമെന്റ് വിഭാഗത്തിന് കൈമാറുമെന്ന് എസ്.ഐ പറഞ്ഞു. കഴിഞ്ഞ പത്താം തിയ്യതി സമാനമായ രീതിയിൽ 35 ലക്ഷം രൂപ പിടികൂടിയിരുന്നു.

Top