നോട്ട് നിരോധനം മൂലം മാറ്റിവച്ചത് അരലക്ഷത്തോളം വിവാഹങ്ങള്‍

ഹൈദരാബാദ്: നോട്ട് നിരോധനം വിവാഹ ആഘോഷങ്ങളെ കാര്യമായി തന്നെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍.

ആന്ധ്രയിലും തെലങ്കാനയിലും മാറ്റിവച്ചത് അരലക്ഷത്തോളം വിവാഹങ്ങള്‍. ഞായറാഴ്ച ഒറ്റദിവസം നടക്കേണ്ടിയിരുന്ന വിവാഹങ്ങളാണ് കല്യാണ ആവശ്യത്തിനുള്ള പണം ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നീട്ടിവയ്‌ക്കേണ്ടിവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഞായറാഴ്ച വിവാഹങ്ങള്‍ക്ക് ശുഭകരമായ ദിവസമാണെന്നാണു ജ്യോതിഷികള്‍ പറയുന്നത്. ഈ ദിവസത്തിനു ശേഷം അടുത്ത ശുഭദിനമുള്ളത് ജനവരി 15ന് ശേഷമാണ്. അതിനാല്‍ തന്നെ നിരവധി വിവാഹങ്ങള്‍ ഈ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നുവെന്നാണു റിപ്പോര്‍ട്ട്

ഹൈദരാബാദില്‍ മാത്രം ഞായറാഴ്ച 20,000 വിവാഹങ്ങളാണ് നടക്കേണ്ടിയിരുന്നത്. ഇതില്‍ മിക്കവാറും വിവാഹങ്ങള്‍ മാറ്റിവച്ചു. ഡിസംബര്‍ 30 വരെയാണ് നിലവില്‍ വിവാഹാവശ്യങ്ങള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാന്‍ ഇളവുള്ളത്. ഇതിനുശേഷം പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍ ഇതിനുമുമ്പേ നടത്താനും തിരക്കുണ്ടായിരുന്നു.
വിവാഹാവശ്യത്തിന് 2.5 ലക്ഷം രൂപ ബാങ്കില്‍നിന്ന് നേരിട്ട് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പണം ലഭിക്കുന്നതിനാവശ്യമായ സങ്കീര്‍ണമായ നിബന്ധനകള്‍ മൂലം ഇത് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതും വിവാഹങ്ങള്‍ നീട്ടിവയ്ക്കാന്‍ കാരണമായി.

വരന്റെയോ വധുവിന്റെയോ അക്കൗണ്ടുകളില്‍നിന്നോ അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടുകളില്‍നിന്നോ മാത്രമേ ഈ തുക പിന്‍വലിക്കാന്‍ സാധിക്കൂ. ഇതിനായി ആധാര്‍, പാന്‍കാര്‍ഡുകള്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ, ആര്‍ക്കൊക്കെ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് തുക ചിലവഴിക്കുന്നു എന്നതിന്റെ കണക്കും നല്‍കണം. മാത്രമല്ല, പണം സ്വീകരിക്കുന്നവരുടെ/കച്ചവടക്കാരുടെ അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ അവരുടെ സത്യവാങ്മൂലവും ഹാജരാക്കണം. ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉള്ളതിനാല്‍ കല്യാണാവശ്യത്തിന് പണം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രേഖകള്‍ എല്ലാം ഹാജരാക്കിയാലും പല ബാങ്കുകളും ഒന്നര ലക്ഷത്തിലധികം നല്‍കുന്നുമില്ല. ബാങ്കുകളില്‍ നോട്ടുകള്‍ക്കുള്ള ദൗര്‍ലഭ്യമാണിതിന് കാരണമായി പറയുന്നത്. 2.5 ലക്ഷം ലഭിച്ചാല്‍ത്തന്നെ കല്യാണ ചെലവ്ക്ക് തികയില്ല എന്നിരിക്കെ, ബാങ്കുകള്‍ തുക മുഴുവന്‍ തരാത്തത് കല്യാണങ്ങള്‍ നീട്ടിവയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്ന സ്ഥിതിയുണ്ടാക്കുന്നു. പലരും കല്യാണാവശ്യങ്ങള്‍ മുന്‍നിര്‍ത്തി വസ്തുവകകള്‍ വിറ്റ പണം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അക്കൗണ്ടില്‍ പണമുണ്ടെങ്കിലും നിശ്ചയിച്ച തീയതിക്കുള്ളില്‍ വിവാഹം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
പണം പിന്‍വലിക്കുന്നത് കല്യാണ ആവശ്യങ്ങള്‍ക്കുതന്നെ ആണെന്ന കാര്യം ഉറപ്പുവരുത്തുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.

Top