ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലേക്ക് തിരിച്ചെത്തിയ 500, 1,000 രൂപാ നോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യവും വ്യക്തവുമായ മൂല്യം കണക്കാക്കുന്നതിനായി അതിസൂക്ഷ്മമായാണ് കണക്കെടുക്കുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വിവരാന്വേഷണ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2016 നവംബര്‍ എട്ടിനാണ് അപ്രതീക്ഷിത നീക്കത്തിലൂടെ 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനുശേഷം പലതവണ തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും അന്നെല്ലാം നോട്ട് എണ്ണിത്തീര്‍ന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. നോട്ട് നിരോധനത്തിനുശേഷം 15 മാസം പിന്നിടുമ്പോഴും നോട്ട് എണ്ണിത്തീര്‍ന്നിട്ടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടി. റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ നല്‍കിയ കണക്കു പ്രകാരം 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു തിരികെ ലഭിച്ചത്. അതായത് ആകെയുള്ളതിന്റെ 99%. നോട്ടുകള്‍ വ്യാജമല്ലെന്ന് ഉറപ്പാക്കാനും എണ്ണം തിട്ടപ്പെടുത്താനുമുള്ള യന്ത്രം ഉപയോഗിച്ചാണ് നോട്ടെണ്ണല്‍ നടക്കുന്നത്. 59 കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സിവിപിഎസ്) മെഷീനുകളാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. ഇതിനു പുറമെ, വാണിജ്യ ബാങ്കുകളുടെ പക്കലുള്ള എട്ട് യന്ത്രങ്ങളും വാടകയ്‌ക്കെടുത്തിട്ടുള്ള ഏഴെണ്ണവും ഉപയോഗിക്കുന്നുണ്ട്.
ആര്‍ബിഐ ഇപ്പോഴും 500, 1000 രൂപാ നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്
Tags: rbi