നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് ന്യൂനപക്ഷ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് പിളര്‍ന്നു. സിറ്റി വിഭാഗമാണ് പിളര്‍ന്നത്. സിറ്റി യൂണിറ്റ് അധ്യക്ഷന്‍ റിയാസ് ഖാന്‍ ഖഞ്ച്, യൂണിറ്റ് കണ്‍വീനര്‍ സുശീല സിന്‍ഹ, സംസ്ഥാന കണ്‍വീനര്‍ ഇഖ്റ ഖാന്‍ എന്നിവരടക്കം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്ലാപേരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പത്തോളിന് പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്.
ചിറ്റമ്മ നയമാണ് ബി.ജെ.പി മുസ്ലീം രാഷ്ട്രീയ മഞ്ചിനോട് കാണിക്കുന്നതെന്ന് സംഘടനവിട്ടവര്‍ കുറ്റപ്പെടുത്തി.
ഞാനും മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തകരുമടക്കം അയ്യായിരത്തോളം പേര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തെന്ന് റിയാസ് ഖാന്‍ പറഞ്ഞു. പത്തോളിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘടന വിട്ടവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
ബിജെപി എംപിയായിരുന്ന നാനാ പടോളിനെയാണ് ഇത്തവണ നാഗ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ നിന്ന് രാജിവെച്ചവര്‍ നാനാ പടോളിനൊപ്പമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമാണെങ്കിലും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്. മണ്ഡലം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് നാനാ പടോളിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതിനിടയിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പിളര്‍പ്പ്.