ആറാം ക്ലാസുകാരനു മയക്കുമരുന്നു ഗുളിക നൽകി; സഹപാഠിയുടെ പിതാവായ കഞ്ചാവ് കച്ചവടക്കാരനെതിരെ കേസ്; മരുന്നു കഴിച്ച കുട്ടി ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോട്ടയം: മസിലുണ്ടാകാനെന്ന പേരിൽ മയക്കുമരുന്നു ഗുളിക നിർബന്ധിച്ചു കഴിപ്പിച്ച ആറാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിലായി. സംഭവവുമായി ബന്ധപ്പെട്ടു കുട്ടിയുടെ സഹപാഠിയുടെ അച്ഛനും വെള്ളുത്തുരുത്തി സ്വദേശിയുമായ അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഗുളിക കഴിച്ച് വീട്ടിൽ അബോധാവസ്ഥയിൽ വീട്ടിൽ കിടന്ന കുട്ടിയെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കുഴിമറ്റം വേലംപറമ്പിൽ അമ്പിളിമോന്റെ മകൻ എ.വി വിശാഖിനെയാണ് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ പരുത്തുംപാറ വെള്ളുത്തുരുത്തി ആഭിജാത്കുന്നിലായിരുന്നു സംഭവം. പനച്ചിക്കാട് പഞ്ചായത്തിലെ സർക്കാർ സ്‌കൂളിലെ ആറാം വിദ്യാർഥിയായ വിശാഖ്, സഹപാഠിക്കൊപ്പമാണ് കഞ്ചാവ് കച്ചവടക്കാരനായ അനിൽകുമാറിന്റെ വീട്ടിലെത്തിയത്. വിശാഖിനൊപ്പമാണ് അനിലിന്റെ മകൻ അജേഷ് പഠിക്കുന്നത്. അനിൽകുമാർ നിർദേശിച്ചതു അനുസരിച്ച്, അജേഷ് ക്ഷണിച്ചിട്ടാണ് ഇരുവരും വീട്ടിലെത്തിയത്. ഇവരെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ പിന്നീടാണ് വീട്ടിലെത്തിയത്. ഈ സമയം കുട്ടികൾ വീടിനുള്ളിലിരിക്കുകയായിരുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഗ്ലാസിൽ പകർത്തിയ ജ്യൂസ് അനിൽകുമാർ കുട്ടികൾക്കു നൽകി. ഇതിനു മുൻപായി രണ്ടു പേരുടെയും നേർക്കു ഗുളികകളും നീട്ടി. ആരോഗ്യം ഉണ്ടാകാനും മസിലുകൾ വികസിക്കാനും ബുദ്ധിശക്തി വർധിക്കുന്നതിനും ഗുളിക നല്ലതാണെന്നു കുട്ടികളെ ബോധ്യപ്പെടുത്താനും അനിൽകുമാർ ശ്രമിച്ചു. എന്നാൽ, വിശാഖിനൊപ്പമുണ്ടായിരുന്ന കുട്ടി ഗുളിക കഴിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നു കുട്ടിയെ അസഭ്യം പറഞ്ഞ അനിൽകുമാർ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഇത് കണ്ട് പേടിച്ചിരുന്ന വിശാഖിനെ അനിൽകുമാർ നിർബന്ധിച്ചു ഗുളിക കഴിപ്പിച്ചു. അൽപ സമയത്തിനുള്ളിൽ കുട്ടി തലകറങ്ങി മുറിക്കുള്ളിൽ വീഴുകയായിരുന്നു. ബോധരഹിതനായി വിശാഖ് വീണതോടെ മുറി ഉള്ളിൽ നിന്നും പൂട്ടി അനിൽകുമാർ മുറിയ്ക്കുള്ളിലിരുന്നു.
വൈകിട്ട് നാലു മണിയോടെ വിശാഖിനെ ഓട്ടോറിക്ഷയിൽകയറ്റി അനിൽകുമാർ കുട്ടിയുടെ വീടിനു മുന്നിൽ ഉപേക്ഷിച്ചു. വേച്ചു വേച്ച് വീട്ടിലെത്തിയ വിശാഖ് വായിൽ നിന്നു നുരയും പതയും വരുന്ന രീതിയിൽ ബോധരഹിതനായി മുറിയ്ക്കുള്ളിൽ വീണു കിടന്നു. ഈ സമയം വിശാഖിന്റെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. കൂലിപ്പണിക്കാരായ ഇരുവരും വൈകിട്ട് അഞ്ചു മണിയോടെയാണ് സാധാരണ ദിവസങ്ങളിൽ വീട്ടിലെത്തുന്നത്. വിശാഖിനെ തിരക്കി വീട്ടിലെത്തിയ അയൽവാസിയായ സുഹൃത്താണ് ബോധരഹിതനായി മുറിയ്ക്കുള്ളിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. ഇയാൾ ഒച്ചവച്ചതോടെ അയൽവീടുകളിലെ മുതിർന്നവർ ഓടിയെത്തി. തുടർന്നു അബോധാവസ്ഥയിൽ കിടന്ന വിശാഖിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേയ്ക്കും വിശാഖിനെ എത്തിച്ചു. ഉടൻ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റി.
പനച്ചിക്കാട് പഞ്ചായത്തിലെ 15-ാം വാർഡ് അംഗവും പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ റോയി മാത്യുവിനൊപ്പം കുട്ടിയുടെ പിതാവ് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തി പ്രതിയായ അനിൽകുമാറിനെതിരെ മൊഴി നൽകി. മുൻപ് കഞ്ചാവ് കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള അനിൽകുമാറിനെതിരെ കേസെടുത്തതായി ചിങ്ങവനം എസ്.ഐ അനൂപ് സി.നായർ അറിയിച്ചു. പ്രതിയ്ക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ രക്തവും, മൂത്രവും വയറ്റിൽ നിന്നു കണ്ടെത്തിയ വിഷാംശമുള്ള ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇതിലൂടെ കുട്ടിയുടെ ഉള്ളിൽ ചെന്ന ഗുളിക എന്താണെന്നു കണ്ടെത്താനാവുമെന്നാണ് പൊലീസ് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top