ദില്ലി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം കൂടി വന്നത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷമാണെന്ന് 50 ശതമാനം പേരും പറയുമ്പോഴും, അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്നും 70ശതമാനം പേരാണ് ആഗ്രഹിക്കുന്നത്. സിഎംഎസ് റിസര്‍ച്ച് ഹൗസ് നടത്തിയ സര്‍വേയിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട്. മോദിയുടെ നിലവിലുള്ള മോദിയുടെ പ്രകടനത്തില്‍ 62ശതമാനം പേര്‍ സന്തുഷ്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
മോദിയുടെ ഭരണത്തില്‍ സ്ഥിതിഗതി കൂടുതല്‍ വഷളായതായി 15% പേര്‍ കരുതുന്നു. പാവപ്പെട്ടവര്‍ക്കു സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രയോജനപ്പെടുന്നില്ലെന്നാണ് 43% കരുതുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍വേയില്‍ ജനാഭിപ്രായമുയര്‍ന്നു.
അതേസമയം, പ്രധാനമന്ത്രി ദേശീയ താല്‍പര്യത്തിനും വികസനത്തിനുമാണ് ഊന്നല്‍ നല്‍കുന്നതെന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊരു ഭാഗം വിലയിരുത്തി. രാജ്യാന്തര തലത്തിലുള്ള മോദിയുടെ പ്രകടനം 69% പേരും ഭരണത്തെ 50% പേരും പിന്തുണയ്ക്കുന്നുണ്ട്. മികവുപ്രകടിപ്പിച്ച കേന്ദ്രമന്ത്രിമാരില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണു മുന്നില്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവരാണു തൊട്ടുപിന്നില്‍.
പത്രങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞ കേന്ദ്രമന്ത്രിമാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരാണ്. മറ്റു മന്ത്രിമാരുടെ മാധ്യമ സാന്നിധ്യം കാര്യമായുണ്ടായിട്ടില്ല. നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന്റെയും മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും പ്രവര്‍ത്തനം ശരാശരി മാത്രമെന്നാണു സര്‍വേ വിലയിരുത്തല്‍. ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാന്‍, തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയ എന്നിവര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടു.