ലക്നൗ: വോട്ടെണ്ണല്‍ ദിനത്തില്‍ പിറന്ന കുട്ടിയ്ക്ക് മുസ്ലീം കുടുംബം നരേന്ദ്രമോദി എന്ന് പേരിട്ട വാര്‍ത്തയില്‍ വന്‍ വഴിത്തിരിവ്. മോദി വിജയിച്ചതിന്റെ ആഹ്ലാദത്തില് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിന് പ്രധാനമന്ത്രിയുടെ പേരിട്ട മുസ്ലിം ദമ്പതികളെന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവങ്ങള്‍ അങ്ങനെയല്ലെന്ന് തിരുത്തുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ഗോണ്ട സ്വദേശിനിയായ മെനാജ് ബീഗത്തിനാണ് മേയ് 23 ന് ആണ്‍കുഞ്ഞ് പിറന്നത്. ഈ സന്തോഷ വാര്‍ത്തയറിയിക്കാന്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ജയിച്ചോ എന്നായിരുന്നു. തുടര്‍ന്ന് കുഞ്ഞിന് നരേന്ദ്രമോദി എന്ന് പേരിടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ മാതാവ് രംഗത്തെത്തി. കുഞ്ഞിന് മോദിയെന്ന് പേരിട്ടത് തെറ്റായ രീതിയില്‍ വാര്‍ത്തയാണെന്നാണ് മെനോജ് ബീഗം പറയുന്നത്. തന്റെ അമ്മായിയുടെ മകന്റെ നിര്‍ബന്ധം കാരണമാണ് കുട്ടിക്ക് മോദി എന്ന പേര് ഇട്ടതെന്നും അതില്‍ താനിപ്പോള്‍ ഖേദിക്കുന്നെന്നും മെനാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന മെയ് 23ന് അല്ല കുട്ടി ജനിച്ചതെന്നും മറിച്ച് മെയ് 12നാണ് കുട്ടിയുടെ ജനനമെന്നും മാതാവ് വ്യക്തമാക്കി.
കുട്ടിക്ക് ഇപ്പോള്‍ അഫ്താക്ക് എന്ന് പേരു മാറ്റിയിട്ടുണ്ട്. ഇത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയെല്ലെന്നും താന്‍ വിദ്യാഭ്യാസം ഇല്ലാത്തയാളായത് കൊണ്ട് തന്നെ മോദിയെ കുറിച്ച് അധികം അറിയില്ലെന്നും മെനോജ് ബീഗം പറഞ്ഞു. മെനാജിന്റെ ഭര്‍ത്താവ് ദുബായിലാണ്. സംഭവം വിവാദമായതോടെ അദ്ദേഹം പൈസ അയക്കുന്നില്ലെന്നും അവര്‍ പറയുന്നു.
‘അദ്ദേഹം പ്രതിമാസം 4000 രൂപയോളം അയച്ച് തരുമായിരുന്നു. എന്നാല്‍ ഈ വിവാദമൊക്കെ ആയതോടെ അദ്ദേഹത്തിന് ദേഷ്യമായി. എന്നാല്‍ ഇപ്പോള്‍ അത് അയക്കുന്നില്ല. ദീപാവലിക്ക് നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുകയുളളുവെന്നും മെനോജ് പറഞ്ഞു. തന്റെ അമ്മായിയുടെ മകനും എന്റെ കസിനുമായ മുഷ്താഖ് അഹമ്മദ് പറഞ്ഞിട്ടാണ് കുട്ടിക്ക് മോദിയെന്ന് പേരിട്ടത്. അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകനാണ്. ഹിന്ദി പത്രമായ ഹിന്ദുസ്ഥാനിലാണ് ജോലി ചെയ്യുന്നതെന്നും മെനാജ് പറഞ്ഞു. എന്നാല്‍ മുഷ്താഖ് അഹമ്മദ് ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്.