കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്നുപോകുന്നു.വിശ്വാസ്യതയില്ലാത്ത കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിൽ: വിജയരാഘവന്‍

മലപ്പുറം: വിശ്വാസ്യതയില്ലാത്ത എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് എ. വിജയരാഘവന്‍. ഒരു കടലാസെടുത്ത് ഹാജരാക്കുക എന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണ്. അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ‘ജിം’ എന്ന പരിപാടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് നടപ്പിലാക്കിയതാണ്. എത്ര എംഒയു ആണ് ഒപ്പിട്ട് പോയത്. സെക്രട്ടേറിയറ്റ് വില്‍ക്കാനുള്ള എംഒയു ഉണ്ടോ എന്ന് പോലും തപ്പിനോക്കിയാല മനസിലാകു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റേത്. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. ട്രോളര്‍ കരാര്‍ വിവാദത്തില്‍ കൂടുതല്‍ രേഖകളുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിജയരാഘവന്റെ പ്രതികരണം. കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രവും സ്ഥലം അനുവദിച്ച രേഖയും‌ ചെന്നിത്തല രാവിലെ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.

പ്രളയകാലത്തും കോവിഡ് കാലത്തും ചെന്നിത്തല അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴും അത് തുടരുന്നു എന്നേ ഉള്ളൂ. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാരിന് ഒരു നയമുണ്ട്. മുഖ്യമന്ത്രി അക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ത്ഥത തീരദേശത്ത് ദൃശ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്നുപോകുന്ന കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളെ ചേര്‍ത്തുപിടിക്കുന്നു. വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെ ജാഥ തുടങ്ങിയ ശേഷം പെട്രോള്‍ വിലയില്‍ പത്തുരൂപയുടെ വര്‍ധനവുണ്ടായി. 100 രൂപയുടെ വര്‍ധനവ് പാചക വാതകത്തിനുണ്ടായി. അതൊന്നും ചെന്നിത്തലയുടെ യാത്രയിൽ സ്പര്‍ശിക്കുന്നില്ല. പിണറായി വിജയനെ വ്യക്തിപരമായും സര്‍ക്കാരിനെതിരെയും ആക്ഷേപങ്ങളും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്ന ജാഥയായി യുഡിഎഫ് ജാഥ മാറിയെന്നും വിജയരാഘവന്‍ പറഞ്ഞു.

അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ടു രേഖകള്‍ കൂടി ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഒന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്‍റെ പകര്‍പ്പും മറ്റൊന്ന് കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്‍റെ രേഖയുമാണ്. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് താൻ ചിത്രം പുറത്തുവിട്ടപ്പോൾ മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്നും ചെന്നിത്തല ചോദിച്ചു.

മേഴ്സിക്കുട്ടിയമ്മ ഓടിച്ചുവിട്ടയാളെ മന്ത്രി ഇ.പി.ജയരാജന്‍ വിളിച്ചുകൊണ്ടു വരികയായിരുന്നോ ? സർക്കാര്‍ യഥാർഥ കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്. കള്ളം കയ്യോടെ പിടിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമനില തെറ്റി. കെഎസ്ഐഎൻസി എംഡിക്ക് ഉത്തരവാദിത്തം ഉണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കുമെന്നും ചെന്നിത്തല പറ‍ഞ്ഞു.

ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. പരസ്പര വിരുദ്ധവും അവ്യക്തവുമായാണ് അവര്‍ പല കാര്യങ്ങളും പറഞ്ഞത്. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ എനിക്കെതിരെ തിരിച്ച് ആരോപണം ഉന്നയിക്കാനാണ് അവര്‍ ശ്രമിച്ചത്. പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷനേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞത്. ആരാണ് പച്ചക്കള്ളം പറയുന്നതെന്ന് ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.- ചെന്നിത്തല പറഞ്ഞു.

ആദ്യം ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഏത് ഇഎംസിസി, എന്ത് ഇഎംസിസി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണല്ലോ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. എന്നാല്‍ കേരളത്തില്‍വച്ച് ഇവരെ കണ്ടിട്ടേ ഇല്ലെന്നും അവരുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പിന്നീട് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. ഫോട്ടോ ഞാന്‍ ഇന്നലെ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചര്‍ച്ച ചെയ്തു, എന്നാല്‍, ഈ പദ്ധതി നടപ്പില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നാണ് മന്ത്രി അപ്പോള്‍ പറഞ്ഞതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top