അതിജീവനത്തിനായി പോരാടിയ കേരളത്തില്‍ കണ്ട നിരവധി നല്ല കാഴ്ചകളില്‍ ഒന്നാണ് ഐഎഎസ് പദവിയുള്ള ചിലയാളുകളുടെ നിസ്വാര്‍ത്ഥ സേവനവും സാധാരണക്കാരില്‍ സാധാരണക്കാരായുള്ള അവരുടെ പെരുമാറ്റവും. അക്കൂട്ടത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ ഒന്നാണ് മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഓണമുണ്ട സംഭവം. തിരുവോണ നാളില്‍ മത്സ്യത്തൊഴിലാളിയായ വാടയ്ക്കല്‍ പീറ്ററിന്റെ വീട്ടിലേയ്ക്കായിരുന്നു ആലപ്പുഴ കളക്ടര്‍ എസ് സുഹാസിന്റെ സര്‍പ്രൈസ് വിസിറ്റ്.
ഓണാഘോഷങ്ങള്‍ എല്ലാം ഒഴിവാക്കിയിരുന്ന ആ കുടിലിലേക്കെത്തിയ അതിഥിയെ കണ്ടമാത്രയില്‍ മത്സ്യത്തൊഴിലാളിയായ പീറ്ററും കുടുംബവും തെല്ലൊന്നമ്പരന്നു. പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കൈമെയ് മറന്ന് ഓടിയെത്തിയവരില്‍ മുന്‍പന്തിയില്‍ പീറ്ററും മകന്‍ സില്‍വര്‍ സ്റ്റാറും ഉള്‍പ്പടെ അഞ്ചു പേരുണ്ടായിരുന്നു എന്നതും ആ വീട്ടിലേയ്ക്കുള്ള കളക്ടറുടെ വരവിന് കാരണമായിരുന്നു. പീറ്ററിന്റെ കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കുന്ന ചിത്രം കളക്ടര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം മറ്റുള്ളവരറിഞ്ഞത്.
കളക്ടര്‍ക്കും പീറ്ററിനും കുടുംബത്തിനും ഇപ്പോള്‍ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് പതിനാറാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിക്കുകയായിരുന്നു.
കളക്ടര്‍ ഫേസ്ബുക്കില്‍ കുറച്ചിരുന്നതിങ്ങനെ…
തിരുവോണനാളില്‍ രക്ഷകരില്‍ ഒരാളുടെ വീട്ടില്‍ ഓണമുണ്ണാന്‍ ജില്ലാ കളക്ടറെത്തി
ജില്ലാ കളക്ടര്‍ എസ്.സുഹാസ് തിരുവോണ നാളില്‍ ഓണസദ്യ ഉണ്ടത് ദുരന്തത്തില്‍ രക്ഷകനാകാന്‍ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തില്‍. വാടയ്ക്കല്‍ തയ്യില്‍ വീട്ടില്‍ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റര്‍ തന്റെ മകന്‍ സില്‍വര്‍ സ്റ്റാര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്.സിജോ, ഗോകുല്‍ ഗോപകുമാര്‍, അനുക്കുട്ടന്‍ എന്നിവരാണ് മറ്റുള്ളവര്‍ .
ഓഗസ്റ്റ് 16ാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു. ദൗത്യത്തില്‍ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാന്‍ എത്തിയിരുന്നു. പായസമുള്‍പ്പടെയായിരുന്നു സദ്യ.