കണ്ണൂര്‍: എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെപിസിസി അംഗങ്ങളുടെ അന്തിമപട്ടികയില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ തഴഞ്ഞിരുന്നു. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായാണ് എന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്ളക്കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം വിട്ട് കോണ്‍ഗ്രസ്സിലെത്തിയ അബ്ദുള്ളക്കുട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത് കോണ്‍ഗ്രസിന് അകത്ത് തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് വിട്ട ശേഷം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ അതോ രാഷ്ട്രീയം ഉപേക്ഷിക്കുമോ എന്ന കാര്യത്തില്‍ അബ്ദുള്ളക്കുട്ടി പ്രതികരിച്ചില്ലെന്നും വാര്‍ത്തകള്‍ വരുന്നു. 2009ലാണ് സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് എപി അബ്ദുള്ളക്കുട്ടി എത്തുന്നത്. തൊട്ട് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിക്കുകയും ചെയ്തു. അതിനിടെ സോളാര്‍ കേസിലെ സരിത എസ് നായരുടെ കത്തില്‍ പേരുള്‍പ്പെട്ടത് രാഷ്ട്രീയ ജീവിതത്തില്‍ അബ്ദുള്ളക്കുട്ടിക്ക് വലിയ കളങ്കമായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട രഹസ്യ അജണ്ടകളാണ് അബ്ദുള്ളക്കുട്ടിയെ തഴഞ്ഞതിന് പിന്നിലെന്ന് അബ്ദുള്ളക്കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായും വാര്‍ത്തകള്‍ വരുന്നു.