കൊച്ചി: സിസ്റ്റർ അഭയക്കേസിലെ രണ്ടാം പ്രതി ഫാദർ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയിൽ നിന്ന് തിരുവനന്തപുരം സിബിഐ കോടതി ഒഴിവാക്കി. അതേസമയം ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ വിടുതൽ ഹർജി കോടതി തള്ളുകയും ചെയ്തു. ഇനി കേസിൽ രണ്ട് പ്രതികളുടെ വിചാരണയായിരിക്കും നടക്കുക. ജോസ് പുതൃക്കയിലിനെതിരായി തെളിവുകൾ ഹാജരാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് പ്രതികൾക്കെതിരെയുള്ള തെളിവുകൾ കോടതി അംഗീകരിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അപകീർത്തി എന്നീ കുറ്റങ്ങളാണ് മറ്റ് രണ്ട് പ്രതികൾക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെടുന്നതിന് മുൻപ് പലപ്പോഴും ഫാദർ ജോസ് പുതൃക്കയിലും, ഫാദർ കോട്ടൂരും കോൺവെന്റിൽ എത്തിയിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഫാദർ കോട്ടൂരും സെഫിയും ചേർന്ന് പുതൃക്കയിലിനെ പയസ് ടെൻത് കോൺവെന്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് സിബിഐ പറയുന്നത്. സെഫിയും വികാരിമാരുമായുള്ള അവിഹിത ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐ കേസ്. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണു വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്കു കടന്നു സാക്ഷിവിസ്താരം തുടങ്ങുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹര്‍ജികളെ എതിര്‍ത്തു സിബിഐ വാദിച്ചു. രണ്ടു പ്രതികൾക്കെതിരെ സിബിഐ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു. ഇതോടെ സിസ്റ്റർ അഭയ കേസിൽ 26 വർഷത്തിനു ശേഷം വിചാരണയ്ക്കു സാഹചര്യമൊരുങ്ങി.
അഭയ കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി; ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി തള്ളി
Tags: sister abhaya case