കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലെന്ന് സൂചന. മട്ടാഞ്ചേരി സ്വദേശിയായ നവാസ് എന്ന എസ് ഡി പി ഐ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് ലഭിച്ച വിവരം. ഇയാള്‍ക്ക് സംഘര്‍ഷത്തില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എറണാകുളം നോര്‍ത്തിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികള്‍ സംസ്ഥാനത്തിന് അകത്ത് തന്നെ ഒളിവില്‍ കഴിയുന്നുവെന്ന സംശയം പൊലീസിനുണ്ട്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേ സമയം നവാസിനൊപ്പം ഇന്നലെ കസ്റ്റഡിയിലുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ക്ക് സംഭവത്തിലുള്ള പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്.
എന്നാല്‍ നവാസിന്റെ അറസ്റ്റോടെ എസ് എഫ് ഐ പ്രവര്‍ത്തകനെ വധിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണിതെന്നുമാണ് വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ മഹാരാജാസ് കോളേജിന്റെ കിഴക്ക് വശത്തെ ഗേറ്റിന് സമീപത്ത് വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പോസ്റ്ററൊട്ടിക്കാനെത്തിയതായിരുന്നു എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍.
എസ് എഫ് ഐ ബുക്ക് ചെയ്ത ചുവരില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം എഴുതുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് വിളിച്ചു വരുത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരിലൊരാള്‍ അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി. എസ്എഫ്‌ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗവും മഹാരാജാസ് കോളേജ് ഹോസ്റ്റല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയുമായിരുന്നു അഭിമന്യു . സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അര്‍ജുന്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജുന്റെ നില ഭേദപ്പെട്ടു. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.