അഭിനന്ദന്‍ ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ ഇല്ല; വ്യാജന്മാര്‍ക്കെതിരെ വ്യോമസേന

വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമാകുന്ന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വ്യോമസേന. ഐഎഎഫിന്റെ വിംഗ് കമാന്ററിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യോമസേന അറിയിച്ചു. അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞ ഉത്തര്‍പ്രദേശുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തെറ്റുദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അഭിനന്ദന്റെ പേരില്‍ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്. അഭിനന്ദന് നിലവില്‍ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ ഒരു സാമൂഹ്യമാധ്യമങ്ങളിലും അക്കൗണ്ട് ഇല്ലെന്ന് വ്യോമസേന വ്യക്തമാക്കി. പാക് കസ്റ്റഡിയില്‍ നിന്ന് അഭിനന്ദന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതിന്റെ ആനന്ദത്തിലാണ് ഇപ്പോഴും രാജ്യം. അഭിനന്ദന്റെ ധീരതയെ ഇന്ത്യയൊന്നാകെ വാഴ്ത്തുമ്പോള്‍ ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ, അഭിനന്ദന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശവും വന്നിരുന്നു. പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടന്നത്.

Top