അബൂദാബി: മൃതദേഹം മാറി അയച്ച സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ക്ക് ലഭിക്കാന്‍ വൈകിയ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആശുപത്രി അധികൃതര്‍ വിട്ട് നല്‍കിയ മൃതദേഹം തിങ്കളാഴ്ച രാത്രി 12.15നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് നാട്ടിലേയ്ക്കയച്ചത്. പുലര്‍ച്ചെ 5.15ഓടെ മൃതദേഹം നാട്ടിലെത്തി.
ജൂലൈ അഞ്ചിന് താമസ സ്ഥലത്ത് നിതിന്‍ തൂങ്ങിമരിക്കുകയായിരുന്നു പിന്നീട് നാട്ടിലേക്കയച്ച നിധിന്റെ മൃതദേഹത്തിന് പകരം, ഗള്‍ഫില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തി എങ്കിലും അബുദാബി വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പിന് അവധിയായതിനാല്‍ യാത്രാ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയാഞ്ഞതെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ വൈകുകയായിരുന്നു.
ആളുമാറി കയറിയ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് വയനാട്ടിലെത്തിയത്. അടുത്ത വിമാനത്തില്‍ ചെന്നൈയിലേക്ക് അയക്കേണ്ടിരുന്ന കാമാക്ഷി കൃഷ്ണന്റെ മൃതദേഹം എംബാംമിങ്ങിനു ശേഷം ബന്ധുക്കള്‍ സ്ഥിതീകരിക്കാന്‍ ചെന്നപ്പോഴാണ് മൃതദേഹം മാറി പോയ വിവരം അറിയുന്നത് . ഉടനെ വയനാട്ടിലേക്ക് വിവരം നല്‍കി കാമാക്ഷി കൃഷ്ണന്റെ മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചു. ഇയാളുടെ മൃതദേഹം പിന്നീട് റോഡു മാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുപോയി.
എംബാം ചെയ്ത മൃതദേഹം പെട്ടിയിലാക്കും മുമ്പ് ഒരിക്കല്‍ കൂടി ബന്ധുക്കളെയോ അടുത്ത ആളുകളെയോ കാണിച്ച് വ്യക്തത വരുത്തിയ ശേഷമാണ് വിമാനത്താവളത്തിലേക്ക് അയക്കാറ്. ഈ നടപടിയില്‍ വരുത്തിയ അശ്രദ്ധയാണ് മൃതദേഹം മാറാന്‍ വഴിവെച്ചതെന്നാണ് സൂചന.