ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ചത് ആസൂത്രിതമായിട്ടാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ആസൂത്രണത്തിൻ്റെ വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലിസ് സാന്നിധ്യത്തെ കുറിച്ചും അന്വേഷണമുണ്ട് ഗ്രൂപ്പില്‍. സംഭവത്തിന്റെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെടുന്നതും അക്രമത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതുമായ സന്ദേശങ്ങളും ഇതിലുണ്ട്. നൂറില്‍ നൂറെന്ന് ചിലര്‍ പ്രതികരിച്ചിരിക്കുന്നു.
വാട്സ് ആപ്പില്‍ കണ്ട നമ്പറുകളിലേക്ക് വിളിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു. താനറിയാതെ സുഹൃത്താണ് തന്റെ ഫോണില്‍ നിന്ന് സന്ദേശമയച്ചതെന്നാണ് വിദ്യാര്‍ഥി പറയുന്നത്. മറ്റൊരാള്‍ രൂക്ഷമായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചത്.
അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എ.ബി.വി.പി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.
ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്.എഫ്.ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.