സജീവന്‍ വടക്കുമ്പാട്
തലശ്ശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി.സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതു മാറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. കോളേജ് കാമ്പസിനകത്ത് എ.ബി.വി.പി നാട്ടിയ കൊടിമരം പ്രിന്‍സിപ്പള്‍ ബുധനാഴ്ച പിഴുതു മാറ്റിയിരുന്നു. ഇത് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ എ.ബി.വി.പി സംഘം പുനസ്ഥാപിച്ചു. കനത്ത പോലീസ് കാവല്‍ പുറത്ത് നില്‍ക്കുമ്പോളാണ് വിദ്യാര്‍ത്ഥികള്‍ കൊടി നാട്ടിയത്. ഇതിനിടെ പ്രിന്‍സിപ്പളിന് നേരെ സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണി ഉയര്‍ന്നു. തുടര്‍ന്ന് പ്രിന്‍സിപ്പളിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
വ്യാഴാഴ്ച കാലത്താണ് സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവര്‍ പ്രിന്‍സിപ്പള്‍ പ്രൊഫ.ഫല്‍ഗുനന് നേരെ കോളേജിലെത്തി വധഭീഷണി ഉയര്‍ത്തിയെതന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ ധര്‍മ്മടം പോലീസില്‍ പരാതി നല്‍കി. പ്രിന്‍സിപ്പളിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പളിന് കോളേജിലുള്‍പ്പടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. പോലീസിന് കോളേജില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പല്‍ നേരത്തെ അനുമതി നല്‍കിയിരുന്നില്ല .എന്നാല്‍ പ്രിന്‍സിപ്പളിന് നേരെ വധ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് കാമ്പസിനകത്ത് വ്യാഴാഴ്ച മുതല്‍ പ്രവേശിച്ചു.
വ്യാഴാഴ്ച കാലത്ത് കൊടിമരം നാട്ടാന്‍ പ്രകടനമായി കോളേജിലേക്ക് കടക്കാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോളേജ് കവാടത്തില്‍ തടഞ്ഞത് ഏറെ നേരത്തെ വാക്കേറ്റത്തിന് കാരണമായി. മുന്‍ കൂട്ടി നിശ്ചയിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കലാജാഥ കോളേജില്‍ പ്രവേശിച്ചതിന് ശേഷം എ.ബി.വി.പി പ്രവര്‍ത്തകരെ കോളേജിലേക്ക് കടത്തി വിടാമെന്ന് ഡി.വൈ.എസ്.പി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ശാന്തരാവുകയും കലാജാഥ പോയതിന് ശേഷം കാമ്പസിനകത്ത് കടന്ന് പ്രിന്‍സിപ്പള്‍ പിഴുതെറിഞ്ഞ അതേ സ്ഥലത്ത് തന്നെ എ.ബി.വി.പി കൊടി നാട്ടി.
എ.ബി.വി.പി കോളേജില്‍ സ്ഥാപിച്ച കൊടിമരം പിഴുത് മാറ്റിയ പ്രിന്‍സിപ്പള്‍ പ്രൊഫ.ഫല്‍ഗുനന്റെ നടപടിയില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് എ.ബി.വി.പി, ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ബലിദാനി വിശാല്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി.കോളേജില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനു വേണ്ടി സ്ഥാപിച്ച കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയായിരുന്നു.
മാറ്റിയ കൊടിമരം അദ്ദേഹം കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പരിപാടിക്കു ശേഷം കൊടിമരം മാറ്റണമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് പരിപാടിക്കുള്ള അനുവാദം നല്‍കിയതെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ .അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എ.ബി.വി.പി.പ്രവര്‍ത്തകര്‍ പറയുകയായിരുന്നു. .എസ്.എഫ്.ഐ യുടെ കൊടിമരത്തിനു സമീപമാണ് എ.ബി.വി.പി.കൊടിമരം സ്ഥാപിച്ചിരുന്നത്.
എ.ബി.വി.പി.യുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയതില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ സംഘടനകള്‍ ധര്‍മടം വെള്ളൊഴുക്കില്‍ പ്രിന്‍സിപ്പല്‍ താമസിക്കുന്ന വീട്ടിലേക്ക് ബുധനാഴ്ച രാത്രി മാര്‍ച്ച് നടത്തിയിരുന്നു. ഈ സംഭവത്തില്‍ ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് പി,സത്യപ്രകാശ്, .ബി.ജെ.പി.നേതാക്കളായ ഇ.വി.അഭിലാഷ്, ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍,എ.ബി.വി.പി.സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമന്‍, ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, സെക്രട്ടറി അഭിനവ് തൂണേരി തുടങ്ങിയവരുള്‍പ്പെടെ 50 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തു.
തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോളേജിന് പുറത്ത് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വിദ്യാര്‍ത്ഥി പ്രതിനിധികളുടെയും രാഷട്രീയ പ്രതിനിധികളുടെയും യോഗം പ്രിന്‍സിപ്പള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മറ്റ് സംഘടനകളുടെ കൊടികളും ബാനറുകളും കാമ്പസിനകത്ത് സ്ഥാപിക്കാന്‍ അനുമതി നല്‍കിയെങ്കില്‍ എ.ബി.വി.പിക്കും ഇതിന് അനുമതി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.