കണ്ണൂര്‍ ലോബിയിലെ വിഭാഗീയത മറനീക്കി..!! സിപിഎം സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ നേതാക്കന്‍മാരുടെ തുറന്ന വിമര്‍ശനം. ആന്തൂര്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യു എംഎല്‍എ ഉന്നയിച്ചു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി.ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തി.

കണ്ണൂര്‍ സി.പി.എമ്മിലെ വിഭാഗീയതയാണ് മറനീക്കി പുറത്തുവരുന്നത്. നേതാക്കളുടെ ‘ഈഗോ ക്ലാഷ്’ സംഭവത്തിലുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ സംസാരം നടന്നത്. പ്രശ്നം തീര്‍ക്കാന്‍ അന്നത്തെ തദ്ദേശമന്ത്രി കെ.ടി ജലീലിനെ താന്‍ സമീപിച്ചതിനു പിന്നാലെ എം.വി ഗോവിന്ദന്‍ മന്ത്രിയുടെ പഴ്സണല്‍ സെക്രട്ടറിയെ വിളിച്ചിരുന്നുവെന്നും ജെയിംസ് മാത്യൂ വ്യക്തമാക്കി.

ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ താന്‍ അന്നത്തെ തദ്ദേശമന്ത്രി കെ.ടി ജലീലിനെ വിളിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി പരിഹാരമുണ്ടാക്കുന്നതിന് മന്ത്രി തദ്ദേശ ഭരണ നഗരകാര്യ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പായപ്പോഴാണ് കേന്ദ്രകമ്മിറ്റിയംഗവും നഗരസഭ അധ്യക്ഷയുടെ ഭര്‍ത്താവുമായ എം.വി ഗോവിന്ദന്‍ ഇടപെട്ടതെന്ന ഗുരുതരമായ ആരോപണമാണ് ജെയിംസ് മാത്യു ഉയര്‍ത്തിയത്. എന്നാല്‍ താന്‍ വിളിച്ചിരുന്നുവെന്ന് സമ്മതിച്ചതല്ലാതെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. അവസാനം സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ചെയ്തത്.

കണ്ണൂരില്‍ നിന്ന് മൂന്നു പേരാണ് സംസ്ഥാന സമിതിയില്‍ സംസാരിച്ചത്. പി.ജയരാജന്‍, എം.വി ജയരാജന്‍, ജെയിംസ് മാത്യൂ എന്നിവര്‍. തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ ആന്തൂരിലാണ് തലപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യൂ വിമര്‍ശനമുന്നയിച്ചത്. നഗരസഭാ അധ്യക്ഷയ്ക്കെതിരെ മരിച്ച പ്രവാസിയുടെ കുടുംബം ഉന്നയിച്ച ആരോപണം ശരിവച്ചുകൊണ്ടാണ് ജെയിംസ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

കണ്‍വന്‍ഷന്‍ സെന്ററിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തടസ്സം നിന്നത് എം്വിഗോവിന്ദനും ഭാര്യയുമാണെന്ന് മരിച്ച വ്യവസായി സാജന്റെ ഭാര്യയും ആരോപിച്ചിരുന്നു. സാജന് എല്ലാ സഹായവും നല്‍കിയിരുന്ന ആളാണ് ജെയിംസ് മാത്യു. താനുമായി അടുപ്പമുള്ള പി.ജയരാജനെ സാജന്‍ സമീപിച്ചതാണ് എം.വി ഗോവിന്ദനെയും ഭാര്യയേയും പ്രകോപിപ്പിച്ചത്. പി.ജയരാജനും ഗോവിന്ദനും തമ്മിലുള്ള പ്രശ്നമാണ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ കാരണമായെന്നാണ് ആരോപണം.

Top