മിസൗറി: മരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നതിനിടെയുണ്ടായ വീഴ്ചയില്‍ തലയിലൂടെ കമ്പി കുത്തി കയറിയ യുഎസ് ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സേവിയര്‍ കണ്ണിങ്ഹാമെന്ന പത്തുവയസുകാരനാണ് മരത്തില്‍ നിന്നും മുഖം കുത്തി കമ്പിയുടെ മുകളിലേയ്ക്ക് വീണത്. അവിടെ വച്ചിരുന്ന ഇറച്ചി കുത്തിവെയ്ക്കുന്ന കമ്പിയാണ് സേവിയറിന്റെ മുഖത്തുകൂടി തലയിലേക്ക് തുളഞ്ഞു കയറിയത്. കമ്പി കുത്തികയറിയ മുഖവുമായി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വന്ന മകനെയും കൊണ്ട് അമ്മ ഗബ്രിയേല അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പാഞ്ഞു. കമ്പി ചതുര രൂപത്തിലായത് കൊണ്ട് അരികുകള്‍ക്ക് മുര്‍ച്ചയുണ്ടാകുമെന്നതിനാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ അത് പുറത്തെടുത്തത്.
ആറിഞ്ച് നീളത്തില്‍ കമ്പി കുത്തി കയറിയിട്ടും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ തട്ടാതെ കടന്നു പോയത് അദ്ഭുതമാണെന്ന് കാന്‍സാസ് സിറ്റി ആശുപത്രി ന്യൂറോസര്‍ജര്‍ തലവന്‍ പറഞ്ഞു. കണ്ണിനും തലച്ചോറിനും സുഷുമ്‌നയ്ക്കും മറ്റു പ്രധാന രക്തധമനികളിലും തട്ടാതെയാണ് കമ്പി കടന്നു പോയത്. ബ്ലീഡിങ് ഇല്ലാത്തതിനാല്‍ വിദ്ഗദ്ധ സര്‍ജന്‍മാരുടെ വിളിച്ചുവരുത്താനുള്ള സമയം ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഞായറാഴ്ചയാണ് കമ്പി പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും, ആരോഗ്യം വീണ്ടും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് കൊണ്ടുവരാനാകുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പക്ഷേ ചിലപ്പോള്‍ സംസാരിക്കാനുള്ള കഴിവിനെ ഇത് ബാധിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.