ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ചു..അടക്കിപ്പിടിച്ച സങ്കടക്കടൽ ആർത്തലച്ച് മഴപോലെ പെയ്തു.

കൊച്ചി:അവിനാശി അപകടത്തിന്റെ കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡര്‍ മറികടന്ന് വണ്‍വേയിലൂടെ എത്തിയ ലോറിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറിയത്. മരിച്ചവരെ എല്ലാവരേയും തിരിച്ചറിഞ്ഞു. അക്ഷരാർഥത്തിൽ എറണാകുളം ബസ് സ്റ്റാൻഡ് കരയുകയായിരുന്നു. ബൈജുവിന്റെ മൃതദേഹം കൂടെ ജോലി ചെയ്തിരുന്നവർക്കു അവസാനം ഒരു നോക്കു കാണാനായി ആംബുലൻസിൽ എത്തിച്ചപ്പോൾ അടക്കിപ്പിടിച്ച സങ്കടക്കടൽ ആർത്തലച്ച് മഴപോലെ പെയ്തു തോരുന്നതാണു പിന്നെ കണ്ടത്. സഹപ്രവർത്തകരുടെ ദുഖം കണ്ട് കാഴ്ചക്കാരായെത്തിയ യാത്രക്കാരും കണ്ണുപൊത്തി സങ്കടം അടക്കി.ഇവിടെ നിന്നായിരുന്നു 2 ദിവസം മുൻപു ബൈജുവും ഗിരീഷും ബാംഗ്ലൂരിന് പുറപ്പെട്ടത്.

ഒരിക്കലും മടങ്ങിവരാത്ത യാത്രയായിരുന്നു അതെന്ന് ഇന്നു രാവിലെ തിരിച്ചറിഞ്ഞപ്പോൾ വിറങ്ങലിച്ചു പോയിരുന്നു സഹപ്രവർത്തകരിലേറെയും. യാത്രക്കാർക്കെന്ന പോൽ സഹപ്രവർത്തകർക്കും അത്രമേൽ പ്രിയങ്കരരായിരുന്നു ഇരുവരും. ഇരുവരുടെയും ജീവനറ്റ ശരീരങ്ങളെങ്കിലും അവസാനമായി ഒരുനോക്കു കാണാൻ ചിത്രങ്ങൾക്കു മുന്നിൽ തിരിതെളിച്ചു പുഷ്പങ്ങളർപ്പിച്ച് അവർ കാത്തിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തിനൊപ്പം യാത്രചെയ്യുന്ന വാഹനത്തിലെ സഹപ്രവർത്തകരോടു പലരും ഇടയ്ക്കിടെ ഫോണിൽ ‘എവിടെ വരെയെത്തി’ എന്നു തിരക്കി അറിയുന്നുണ്ടായിരുന്നു. വിവരങ്ങൾ അപ്പോഴപ്പോൾ ഡിപ്പോയിലുള്ളവർക്കു കൈമാറി. ഒടുവിൽ രാത്രി എട്ടരയോടെ ബൈജുവിന്റെ ശരീരവുമായി ആദ്യ ആംബുലൻസ് പൊലീസ് അകമ്പടിയോടെ ഡിപ്പോയിലേക്കു പ്രവേശിച്ചു. തന്റെ പ്രിയതമന് ഏറെ പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി കടന്നു വന്ന ഭാര്യ കവിതയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളിയിൽ ഡിപ്പോയും പരിസരവും ഒരു നിമിഷം മൗനം പൂണ്ടു. പിന്നെ അണപൊട്ടിയ കണ്ണീരും നിലവിളികളും വാഹനത്തിനു പുറത്തേക്കും പടർന്നു.

വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ആ ശരീരം കാണാൻ കരുത്തില്ലാതെ ജീവനക്കാരിൽ പലരും മാറിനിന്നു വിതുമ്പി. പൊതുദർശനത്തിനു വയ്ക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപകടത്തിൽ ചിതറിപ്പോയ ബൈജുവിന്റെ മൃതദേഹമെന്നതിനാൽ ആംബുലൻസിനു പുറത്തേക്കെടുത്തില്ല. മാധ്യമങ്ങളുടെയും ജീവനക്കാരുടെയും തിക്കും തിരക്കുമേറിയതോടെ പൊലീസ് ഇടപെട്ടാണു തിരക്കു നിയന്ത്രിച്ചത്. ഒടുവിൽ 15 മിനിറ്റിനു ശേഷം ആംബുലൻസ് മടങ്ങുമ്പോഴും ജീവനക്കാരിൽ നല്ലൊരു പങ്കിനും മൃതദേഹം കാണാൻ അവസരം ലഭിച്ചിരുന്നില്ല. മാധ്യമങ്ങളുടെ തിക്കിത്തിരക്കു മൂലം തങ്ങളുടെ സഹപ്രവർത്തരുടെ മൃതദേഹം കാണാനായില്ലെന്ന പരാതി ഇതോടെ ഉയർന്നെങ്കിലും ജനപ്രതിനിധികൾ ഇടപെട്ടു ജീവനക്കാരെ സമാധാനിപ്പിച്ചു.

മൃതദേഹങ്ങൾ ഒരുമിച്ചു ഡിപ്പോയിൽ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ 2 സമയത്തു വിട്ടുകിട്ടിയതിനാൽ ഇതിനു കഴിഞ്ഞില്ല. ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, മുഖ്യമന്ത്രിക്കു വേണ്ടി കലക്ടർ എസ്.സുഹാസ് എന്നിവരും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും വിവിധ യൂണിയൻ പ്രതിനിധികളും ഡിപ്പോയിലെത്തി ഇരുവർക്കും അന്തിമോപചാരമർപ്പിച്ചു.

Top