ന്യൂയോര്‍ക്ക്: ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമായെങ്കിലും 19കാരി തളര്‍ന്നില്ല. എല്ലാ ആത്മവിശ്വാസത്തോടുംകൂടി റാംപില്‍ ചുവടുവെച്ചു. ഒരു മോഡലാകണമെന്ന ആഗ്രഹം രേഷ്മ ഖുറേഷിക്ക് വേണ്ടെന്നുവെക്കാന്‍ പറ്റില്ല.
രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് അവളുടെ സ്വപ്നം ഇല്ലാതാക്കിയെന്നു വേണം പറയാന്‍. യുവാക്കള്‍ വലിച്ചെറിഞ്ഞ ആസിഡ് അവളുടെ സൗന്ദര്യത്തെ മാത്രമല്ല, ഇടത് കണ്ണിന്റെ കാഴ്ചയെ വരെ ഇല്ലാതാക്കി. തന്റെ സ്വപ്നം അതോടെ അവസാനിച്ചുവെന്ന് തന്നെ രേഷ്മ കരുതി.
ഇപ്പോഴിതാ തന്റെ സ്വപ്നത്തിലേക്ക് ആദ്യ ചുവടുവെച്ചിരിക്കുകയാണ് രേഷ്മ. ന്യൂയോര്‍ക്കില്‍ നടന്ന എഫ്ടിഎല്‍ മോഡ ഷോയില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമാണ് രേഷ്മ ചുവടുവെച്ചത്. ഇന്ത്യയിലെ പ്രമുള ഡിസൈനര്‍ അര്‍ച്ചന കോച്ചാറിന്റെ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു രേഷ്മ റാംപില്‍ ചുവടുവെച്ചത്. നിരവധിയാളുകള്‍ രേഷ്മയ്ക്ക് പിന്തുണയുമായെത്തി.
ഇത് തന്റെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായമാണെന്ന് രേഷ്മ പറയുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ നിരവധിയാളുകള്‍ക്ക് ഈ ഒരു സംഭവം ഉണര്‍വ് നല്‍കുന്നതാണ്. ഒരുപാട് നാളത്തെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു തുടക്കമാണെന്ന് കരുതുന്നുവെന്നും രേഷ്മ പറഞ്ഞു.
2014മെയ് 19 നായിരുന്നു ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിനിയായ രേഷ്മയുടെ ജീവിതത്തില്‍ വഴിത്തിരിവായ ആ സംഭവം ഉണ്ടാകുന്നത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം പരീക്ഷാ സെന്ററിലേക്ക് നടക്കുന്നതിനിടെ രേഷ്മയ്ക്ക് നേരെ രണ്ട് യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. തക്കസമയത്ത് ആംബുലന്‍സ് ലഭിക്കാതെ രേഷ്മയും സഹോദരിയും ഭര്‍ത്താവും ഏറെ വിഷമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും രേഷ്മയുടെ നിലഗുരുതരമായിരുന്നു.